clubhouse

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടിൽ തരംഗമായിക്കൊണ്ടിക്കുകയാണ് ക്ലബ്ഹൗസ് എന്ന സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോം. ഓഡിയോ- ഓൺലൈൻ ചാറ്റ് ആപ്പായ ക്ലബ് ഹൗസിൽ ദശലക്ഷ കണക്കിന് ആളുകളാണ് സംവാദങ്ങളിലേർപ്പെടുന്നത്. സമൂഹ മാദ്ധ്യമ ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് ക്ലബ് ഹൗസ് പ്രചാരം നേടുന്നത്.

ഓൺലൈൻ ചർച്ചകളാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് ചാറ്റ് റൂമുകളാണ് ക്ലബ്ഹൗസിൽ ലോകവ്യാപകമായി രൂപപ്പെടുന്നത്. വെർച്വൽ റൂമിൽ, നിരവധി ഓഡിയോ റൂമുകൾ കാണാം. അതിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിച്ചാൽ പങ്കെടുക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് കാണാം. ലോകത്തെവിടെയും ഉള്ളവരുമായും ശബ്ദരൂപത്തിൽ സംവദിക്കാമെന്നതാണ് ക്ലബ്ഹൗസിന്റെ പ്രത്യേകത.


എന്തും ചർച്ച ചെയ്യാം, തട്ടിപ്പിനും സാദ്ധ്യത

മറ്റ് സോഷ്യൽമീഡിയ പ്ളാറ്റ്ഫോമുകളിൽ വരെ ഇപ്പോൾ ക്ളബ് ഹൗസ് ആണ് ചർച്ചാവിഷയം. ഫേസ്ബുക്ക് മടുത്തുതുടങ്ങിയ കാലത്ത് ആളുകൾക്ക് വീണുകിട്ടിയ പുത്തൻ ആശയസംവേദന മാർഗ്ഗമാണ് ക്ളബ് ഹൗസ്. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ക്ളബ് ഹൗസ് ചർച്ചകളിൽ സജീവമാണിപ്പോൾ. സിനിമയും രാഷ്ട്രീയവും എന്തിന് കൂർക്കംവലി വരെ ക്ളബ് ഹൗസ് ചർച്ചകളിൽ ഇടംനേടുന്നുണ്ട്. അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും റൂമുകൾ തുടങ്ങാനാകും. പ്രത്യേക വിഷയങ്ങളിൽ സംസാരിക്കാൻ താൽപര്യമുള്ളവർക്ക് ഇഷ്ടാനുസരണം ജോയിൻ ചെയ്യാം. അതേസമയം, തന്നെ ക്ലബ്ഹൗസിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ശബ്ദ സന്ദേശങ്ങളും ചർച്ചകളും റെക്കോർഡറുകൾ ഉപയോഗിച്ച് റെക്കോഡ് ചെയ്യപ്പെട്ടേക്കാമെന്നും ശബ്ദതട്ടിപ്പുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുമൊക്കെയുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ട്. തങ്ങളുടെ പേരിലുള്ള അക്കൗണ്ടുകൾ തങ്ങളുടേതല്ലെന്നും ക്ലബ് ഹൗസിൽ അംഗങ്ങളല്ലെന്നും വ്യക്തമാക്കി ഇതിനോടകം സിനിമാതാരങ്ങളായ ദുൽഖർ സൽമാൻ, സുരേഷ്ഗോപി തുടങ്ങിയവർ മുന്നോട്ടുവന്നിരുന്നു.

ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

2020ൽ അമേരിക്കയിലാണ് ക്ലബ്ഹൗസ് പ്രവർത്തനം ആരംഭിച്ചത്. ഐഫോണിൽ മാത്രം ലഭിച്ചിരുന്ന ക്ലബ്ഹൗസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യയിൽ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ലഭ്യമായിത്തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ പ്ലേ സ്റ്റോർ ഡൗൺലോഡ് ഒരു മില്യൺ കടന്നു. ബീറ്റാ ഘട്ടത്തിലായതിനാൽ ഇൻവിറ്റേഷൻ വഴിയാണ് പ്രവേശനം. പ്ലേസ്റ്റോറിൽ ക്ലബ്ഹൗസ് ഡ്രോപ് ഇൻ ഓഡിയോ ചാറ്റ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ഫോട്ടോ, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ എന്നിവ ചേർത്ത് അക്കൗണ്ട് തുടങ്ങാം. സുഹൃത്തുക്കൾക്ക് ഇത് നോട്ടിഫിക്കേഷനായി ലഭിക്കും. അവർ അപ്രൂവ് ചെയ്യുന്ന പക്ഷം നിങ്ങൾ ക്ലബ് ഹൗസിൽ അംഗമാകും