പേരാവൂർ: ലോക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേകാനായി സൗജന്യ പച്ചക്കറിച്ചന്ത പ്രവർത്തനമാരംഭിച്ചു. പേരാവൂർ പഞ്ചായത്ത് മൂന്നാം വാർഡ് ജാഗ്രതാ സമിതിയും ഐ.ആർ.പി.സിയും സംയുക്തമായാണ് നമ്പ്യോട് വായനശാല പരിസരത്ത് പച്ചക്കറിച്ചന്തയ്ക്ക് തുടക്കം കുറിച്ചത്. മൂന്നാം വാർഡിലെ കുടുംബങ്ങൾക്ക് ചന്തയിലെത്തി പച്ചക്കറികൾ സൗജന്യമായി വാങ്ങാം. സവോള, തക്കാളി, വെണ്ട, കാബേജ്, ബീട്ട്റൂട്ട്, കാരറ്റ് തുടങ്ങിയ പതിനഞ്ചോളം പച്ചക്കറികൾക്ക് പുറമേ പ്രാദേശികമായി ലഭിച്ച, മരച്ചീനി, പച്ചമുളക്, വാഴച്ചുണ്ട്, വാഴപ്പിണ്ടി, മാങ്ങ തുടങ്ങിയ നാടൻ ഇനങ്ങളും ചന്തയിലുണ്ട്. വാർഡിലെ ആർക്കും ഇവിടെയെത്തി ആവശ്യമുള്ളത്ര പച്ചക്കറിയുമായി വീട്ടിലേക്ക് മടങ്ങാം.
പച്ചക്കറി കിറ്റുകൾ വീടുകളിലെത്തിക്കാനായിരുന്നു സംഘാടകർ ആദ്യം തീരുമാനിച്ചത്. എന്നാൽ ആവശ്യക്കാർക്ക് വേണ്ടത്ര പച്ചക്കറി തിരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കുന്നതിനാണ് പച്ചക്കറി ചന്ത എന്ന ആശയം പ്രാവർത്തികമാക്കിയത്. ലോക് ഡൗൺ തീരുന്നതുവരെ മുടങ്ങാതെ ചന്ത നടത്താനാണ് തീരുമാനം. സുമനസ്സുകളായ ആളുകളിൽ നിന്നും പച്ചക്കറിയുൾപ്പെടെയുള്ള ഉത്പന്നങ്ങൾ ശേഖരിക്കാനും അതിലൂടെ പ്രവർത്തനം മറ്റ് വാർഡുകളിലേക്കും വ്യാപിക്കാനും കഴിയുമെന്ന് സംഘാടകർ പറയുന്നു. പഞ്ചായത്തിലെ മറ്റു വാർഡുകളിലുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ച് പച്ചക്കറി കിറ്റുകൾ അവരുടെ വീടുകളിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിൽ മാതൃകാപരമായ നിരവധി സാന്ത്വന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ ഐ.ആർ.പി.സിയുടെയും പേരാവൂർ പഞ്ചായത്ത് മൂന്നാം വാർഡ് ജാഗ്രതാ സമിതി അംഗങ്ങളുടെയും വ്യത്യസ്തമായ ഈ സംരംഭം ജനങ്ങൾ സഹർഷം ഏറ്റെടുത്തിരിക്കുകയാണ്. പേരാവൂർ നമ്പ്യോട് വായനശാലയ്ക്ക് സമീപം പ്രവർത്തിക്കുന്ന സൗജന്യ പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.വി. ശരത്, കെ.എ. രജീഷ്, എം. രാജീവൻ, പ്രീതി ലത, ഷീബ ബാബു, പി. മനീഷ്, വി. ഷിജു, കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.