മുക്കം: ഏറെ കാലത്തെ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ തിരുവമ്പാടിയിൽ ശ്മശാനം യാഥാർത്ഥ്യമായിട്ടും ജനങ്ങൾക്ക് ഗുണമില്ല. ഒറ്റപ്പൊയിലിൽ രണ്ടേക്കർ സ്ഥലത്താണ് 45 ലക്ഷം രൂപ ചെലവിൽ തിരുവമ്പാടി പഞ്ചായത്ത് ആധുനിക വൈദ്യുത ശ്മശാനം ഒരുക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനവും നടത്തി. എന്നാൽ ഇന്നുവരെ ഒരു മൃതദേഹം പോലും ഇവിടെ സംസ്‌കരിച്ചിട്ടില്ലെന്നു മാത്രമല്ല മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. മരണം സംഭവിക്കാഞ്ഞിട്ടോ സംസ്‌കരിക്കാൻ മൃതദേഹമില്ലാഞ്ഞിട്ടോ അല്ല. ജനസംഖ്യയിൽ മഹാഭൂരിപക്ഷവും രണ്ട് മതന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരായതിനാലും അവർക്ക് ദേവാലയങ്ങളോട് ചേർന്ന് ശവസംസ്‌കാര സൗകര്യമുള്ളതിനാലും ഇതര വിഭാഗക്കാരാണ് ശ്മശാനത്തിന്റെ ഗുണഭോക്താക്കൾ. വെറും നാലു സെന്റ് ഭൂമിയിലെ വീടുകളിൽ താമസിക്കുന്ന കോളനിവാസികളും പട്ടികജാതിക്കാരും പട്ടികവർഗക്കാരുമെല്ലാം ഇവിടെ നൂറുകണക്കിലാണ്. ഇവരിലാരെങ്കിലും മരണപ്പെട്ടാൽ വളരെ പ്രയാസപ്പെട്ട് നാൽപതും അൻപതും കിലോമീറ്റർ അകലെ കോഴിക്കോട് നഗരത്തിൽ മാവൂർ റോഡ് ശ്മശാനത്തിൽ കൊണ്ടുപോയി സംസ്‌കരിക്കുകയാണ് പതിവ്. തിരുവമ്പാടി പഞ്ചായത്ത് ശ്മശാനം പൂർണ സജ്ജമാക്കാതെയാണ് മുൻ ഭരണ സമിതി ഉദ്ഘാടനം നടത്തിയതെന്ന് നിലവിലെ ഭരണ സമിതി കുറ്റപ്പെടുത്തുമ്പോൾ ഈ ഭരണ സമിതി അധികാരമേറ്റിട്ട് ഇത്രയും നാളായിട്ടും എന്തു ചെയ്‌തെന്നാണ് മറു ചോദ്യം. ഇപ്പോൾ കൊവിഡ് ബാധയും മരണവും വ്യാപകമായ സാഹചര്യത്തിൽ ശ്മശാനം ഉടൻ പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശൃം.