നെയ്യാറ്റിൻകര: മഴക്കാലപൂർവ ശുചീകരണം നടക്കാത്തതിനാൽ മഴക്കാലമെത്തുന്നതോടെ ആലുംമൂട് ജംഗ്ഷൻ വെള്ളത്തിൽ മുങ്ങും. ടൗണിലെ ഓടകൾ വൃത്തിയാക്കാത്തതാണ് ഇവിടെ വെള്ളപ്പൊക്കഭീഷണിക്ക് കാരണമാകുന്നത്.
ബസ് സ്റ്റാൻഡ് പരിസരം, കൃഷ്ണൻകോവിൽ ജംഗ്ഷൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലെ വെള്ളമാണ് ആലുംമൂട് ജംഗ്ഷനിലെത്തുന്നത്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള ജലം ഓടയിലൂടെ ഒഴുക്ക് തടസപ്പെട്ട് ആലുംമൂട് ജംഗ്ഷനിൽ നിറയുകയാണ്. മഴക്കാലത്ത് ആലംമൂട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് പതിവാണ്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് കോംപ്ലക്സ് റോഡിൽ നിന്നു പുറന്തള്ളുന്ന മലിനജലം ആലുംമൂട് ജംഗ്ഷൻ വഴി ഒഴുകുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ചില നഗരസഭാ കൗൺസിലർമാർ അവരുടെ വാർഡുകളിൽ ഓടകളിലെ മാലിന്യം നീക്കിയിരുന്നു. എന്നാൽ ടൗണിലെ പ്രധാന ഓടകളിലെ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ നേരിട്ട് നടപടി കൈക്കൊണ്ടില്ല. ഓടകൾ അടഞ്ഞു കിടക്കുന്നതിനാൽ മഴക്കാലത്ത് വൻതോതിൽ റോഡിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വരുന്ന മഴവെള്ളം ഒഴുകിപ്പോകാനുള്ള സാദ്ധ്യത കുറയും. ഇത് ആലുമ്മൂട്ടിൽ വെള്ളപ്പൊക്കത്തിനു സാദ്ധ്യത കൂട്ടുമെന്നാണ് വ്യാപാരികളുടെ ആശങ്ക.
പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും
കൊവിഡ് പ്രതിസന്ധിയിലാക്കി
പല സ്ഥലങ്ങളിലെയും ഓടകളിൽ മണ്ണും ചെളിയും നിറഞ്ഞ് ജലമൊഴുക്ക് തടസപ്പെട്ട അവസ്ഥയിലാണ്. എല്ലാവർഷവും കാലവർഷത്തിന് മുന്നോടിയായുള്ള മഴക്കാലപൂർവ ശൂചീകരണവുമായി ബന്ധപ്പെട്ട് ഓടകൾ വൃത്തിയാക്കുക പതിവാണ്. നഗരസഭയുടെ നേതൃത്വത്തിലാണ് ഇത് നടത്തുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തോടെ ഈ ജോലികളെല്ലാം നിലച്ച മട്ടിലാണ്.