വിതുര: കൊവിഡ് ആശങ്കാജനകമായി പിടിമുറുക്കിയിരിക്കുന്ന മലയോരമേഖലയിൽ കൊവിഡ് മരണങ്ങളുടെ എണ്ണം ക്രമാധീതമായി ഉയരുന്നു. പഞ്ചായത്തുകളുടെയും ആരോഗ്യവുകുപ്പിന്റെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് വിതുര, ആര്യനാട്, തൊളിക്കോട്, പൂവച്ചൽ, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, വെള്ളനാട്, അരുവിക്കര, നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിലായി നടക്കുന്നത്. രോഗവ്യാപനത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടാൻ കഴിഞ്ഞെങ്കിലും കൊവിഡ് മരണങ്ങളുടെ ഗ്രാഫ് ഉയരുകയാണ്. ആദ്യഘട്ടത്തിലും മലയോരമേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നെങ്കിലും മരണനിരക്ക് വളരെ കുറവായിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തിൽ സ്ഥിതിയാകെ മാറി. കൊവിഡ് ബാധിതരായ മറ്റ് രോഗങ്ങളുള്ളവരാണ് കൂടുതലും മരണപ്പെടുന്നതെങ്കിലും മറ്റ് രോഗങ്ങളില്ലാത്തവരും മരണപ്പെടുന്നുണ്ട്. അരുവിക്കര നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി രണ്ടാം തരംഗത്തിൽ ഇരുന്നുറോളം പേരുടെ ജീവനാണ് കൊവിഡ് അപഹരിച്ചത്. മൂവായിരത്തിലധികം പേർക്കാണ് ഇവിടെ കൊവിഡ് പിടികൂടിയത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലായി 25 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിരവധി ആരോഗ്യപ്രവർത്തകരെയും പൊലീസുകാരെയും രോഗം പിടികൂടിയിരുന്നു. മാത്രമല്ല തോട്ടം, ആദിവാസിമേഖലകളിലും കൊവിഡ് പിടിമുറുക്കിയിരുന്നു. നിരവധി ആദിവാസികളുടെ ജീവനും കൊവിഡ് കവർന്നെടുത്തു. വാമനപുരം നിയോജകമണ്ഡലത്തിലെ പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. വിതുരയിലും, തൊളിക്കോട്ടും കൊവിഡ് രോഗികൾക്കായി കൊവിഡ് കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.
പരിശോധന ശക്തം
കൊവിഡ് വ്യാപനത്തിന് തടയിടുന്നതിനായി മലയോരമേഖലയിൽ ശക്തമായ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാസ്ക് ധരിക്കാത്തവരേയും അനാവശ്യമായി പുറത്തിറങ്ങുന്നവരെയും പിടികൂടി പിഴ ചുമത്തുന്നുണ്ട്. അതേ സമയം ബാങ്കുകളിലും മറ്റും ജനത്തിരക്കുണ്ടാവുന്നത് ആശങ്കാജനകമാണ്. പൊലീസുകാർ കർമ്മനിരതരായി കളത്തിലിറങ്ങിയതോടെ ഇവരെയും രോഗവ്യാപനം അലട്ടുന്നുണ്ട്. വിതുര, പൊൻമുടി, വലിയമല, പാലോട് സ്റ്റേഷനുകളിലെ പൊലീസുകാർ മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ചുക്കാൻ പിടിക്കുന്നത്. ആദിവാസി മേഖലയിലടക്കം നിരവധി കുടുംബങ്ങൾക്ക് ഇവർ ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചുകൊടുക്കുന്നുണ്ട്. വിതുര ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ ഉദ്യോഗസ്ഥരും എസ്.പി.സി കേഡറ്രുകളും പ്രതിരോധ പ്രവർത്തനങ്ങളിലും സഹായങ്ങളെത്തിക്കുവാനും സജീവമായി കളത്തിലുണ്ട്. അടൂർപ്രകാശ് എം.പി, എം.എൽ.എമാരായ ഡി.കെ. മുരളി, ജി. സ്റ്റീഫൻ എന്നിവരും, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ തന്നെയുണ്ട്.