വർക്കല: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്തെത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇടവപ്പാതി തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. കാലവർഷത്തിനായി ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭയുടെ നേതൃത്വത്തിൽ ചില മുന്നൊരുക്കങ്ങൾ നടത്തുന്ന പതിവുണ്ട്. മഴക്കാല ദുരന്തങ്ങൾ മുന്നിൽക്കണ്ടാണ് ഈ മുന്നൊരുക്കങ്ങളെല്ലാം. എന്നാൽ ഇത്തവണ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനും നേരിടാനുമുള്ള ശ്രമങ്ങൾക്കിടയിൽ മുന്നൊരുക്കങ്ങളെല്ലാം വൈകിയിരിക്കുകയാണ്. താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ മഴക്കാല പൂർവശുചീകരണം പോലും പൂർത്തിയായിട്ടില്ല. തുടങ്ങിയ സ്ഥലങ്ങളിൽ അത് പാതിവഴിയിൽ നിലച്ചു.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങളും ഇത്തവണ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടില്ല.