
നെയ്യാറ്റിൻകര: അപകടാവസ്ഥയിലായിട്ടും നെയ്യാറ്റിൻകര ജനറൽ ആശുപത്രി വളപ്പിലെ കൂറ്റൻ മരം മുറിച്ചുമാറ്റാൻ തയ്യാറാവാതെ ദുരന്തനിവാരണ സേന. ഈ മരം എപ്പോൾ വേണമെങ്കിലും കടപുഴകി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ സമുച്ചയത്തിലേക്ക് വീഴുമെന്ന ഭീതിയിലാണ് പൊലീസുകാർ. കുറച്ചു ദിവസം മുൻപ് മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പൊലീസ് ദുരന്തനിവാരണ അതോറിട്ടിക്ക് പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച അധികൃതർ മരം മുറിച്ചുമാറ്റാതെ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റുകയായിരുന്നു. ആശുപത്രി വളപ്പിലെ കരിങ്കൽ മതിലിനോട് ചേർന്നാണ് മരം നിൽക്കുന്നത്. മതിൽ ഭാഗികമായി തകർന്ന നിലയിലാണ്. ഇത് എപ്പോൾ വേണമെങ്കിലും തകർന്ന് പൊലീസ് സ്റ്റേഷൻ സമുച്ചയത്തിന് മുകളിൽ പതിക്കാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ കാറ്റിലും മഴയിലുമാണ് മരം കൂടുതൽ അപകടാവസ്ഥയിലായിത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ, സി.ഐ ഓഫീസ്, ഡിവൈ.എസ്.പി ഓഫീസ് എന്നിവയാണ് ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നത്. 75 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മരം കടപുഴകിയാൽ വലിയ അപകടമാവും ഉണ്ടാവുക. അതേസമയം മരം മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ അൻസാർ അറിയിച്ചു.