തിരുവനന്തപുരം: 13ാം വയസിൽ സിനിമയ്‌ക്ക് വേണ്ടി പാട്ടുപാടിയ ആദ്യകാല മലയാള ചലച്ചിത്ര, നാടകനടിയും പിന്നണിഗായികയും ഡബിംഗ് ആർട്ടിസ്റ്റുമായ സി.എസ്. രാധാദേവിക്ക് തൊണ്ണൂറിന്റെ ചെറുപ്പം. വഞ്ചിയൂർ മേടയിൽ ശിവശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും മകളായ രാധാദേവി സ്റ്റാച്യു ഉപ്പളം റോഡ് മാളികപ്പുരയ്ക്കൽ വീട്ടിൽ ഏകമകൻ റിട്ട. കയർഫെഡ് ഉദ്യോഗസ്ഥൻ എൻ. നന്ദഗോപനൊപ്പമാണ് ഇപ്പോൾ താമസം.
1944 ലെ അരങ്ങേറ്റ ചിത്രം വെളിച്ചം കണ്ടില്ലെന്ന നൊമ്പരത്തിന് പ്രതിഫലമായി പിൽക്കാലത്ത് മനോഹരമായ നിരവധി ഗാനങ്ങളാണ് രാധാദേവി ആലപിച്ചത്. ഈശപുത്രനേ വാ, കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ (മറിയക്കുട്ടി), ഭൂവിങ്കലെന്നുമനുരാഗം (അവകാശി), താന്തോയത്തേനുണ്ട് (പാടാത്ത പൈങ്കിളി), പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം (ഭക്തകുചേല), ഓടുന്നുണ്ടോടുന്നുണ്ടേ (രണ്ടിടങ്ങഴി), ഒന്നു ചിരിക്കൂ (പൂത്താലി) എന്നിങ്ങനെ ഒരു തലമുറയുടെ ഹൃദയം കവർന്ന ഗാനങ്ങളാണ് രാധാദേവി പാടിയത്.
13-ാം വയസിൽ ടി.എൻ. ഗോപിനാഥൻനായരുടെ നാടകത്തിൽ അഭിനയിച്ചായിരുന്നു കലാരംഗത്തേക്കുള്ള കാൽവയ്‌പ്. 1944ൽ യാചകമോഹിനി, അംബികാപതി (തമിഴ്) എന്നീ സിനിമകളിൽ ബാലനടിയായി. 1948ൽ തിക്കുറിശി അഭിനയിച്ച 'സ്ത്രീ' യിൽ അഭിനയിച്ചു. നല്ലതങ്ക എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ രാധാദേവി പാടി. ഇരുപതിലധികം സിനിമകളിൽ പാടിയതിൽ അധികവും കമുകറയുമൊത്തുള്ള യുഗ്മഗാനങ്ങളായിരുന്നു. ബ്രദർ ലക്ഷ്മണയായിരുന്നു സംഗീതസംവിധായകൻ. സീത, ജ്ഞാനസുന്ദരി, സ്‌നാപകയോഹന്നാൻ, ഭക്തകുചേല, കടൽ, ആന വളർത്തിയ വാനമ്പാടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. 1942 മുതൽ ആകാശവാണിയിൽ സ്ഥിരം ആർട്ടിസ്റ്റായിരുന്നു.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന പരേതനായ എൻ. നാരായണൻ നായരാണ് ഭർത്താവ്. സംഗീതനാടക അക്കാഡമി അവാർഡ്, ഗുരുപൂജാ പുരസ്‌കാരം, ടാഗോർ ജയന്തി അവാർഡ്, സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം, നാട്യഗൃഹം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 1989ൽ സെൻസർ ബോർഡ് അംഗവുമായിരുന്നു.
നവതി ആഘോഷിക്കുന്ന സി.എസ്. രാധാദേവിയെ മുൻ എം.എൽ.എ വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരടക്കം നിരവധിപ്പേർ വസതിയിലെത്തി ആദരിച്ചു.