mobail

മുടപുരം: സഹോദരങ്ങളുടെ കൂട്ടുകാരന് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ വാങ്ങാൻ സഹായം നൽകി ആറാം ക്ലാസുകാരി ഹുസ്ന ഫാത്തിമ. ഹുസ്ന ഫാത്തിമയുടെ സഹോദരങ്ങളായ മുഹമ്മദ് അലി ഹസനും മുഹമ്മദ് അലി ഹുസൈനും തോന്നയ്ക്കൽ ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. ഹുസ്ന ഫാത്തിമ അഞ്ചാം ക്ലാസുവരെ ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. സഹോദരങ്ങളുടെ കൂട്ടുകാരന് ഓൺലൈൻ പഠനത്തിന് മൊബൈൽഫോണില്ലെന്ന വിവരം അദ്ധ്യാപകരിൽ നിന്നാണ് ഹുസ്ന അറിഞ്ഞത്. ഈ കുട്ടിയുടെ വീട് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും കാറ്റിലും തകർന്നിരുന്നു. സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക മൊബൈൽഫോൺ വാങ്ങാൻ ഹുസ്ന സ്കൂൾ അധികൃതർക്ക് കൈമാറി. ഹുസ്ന നൽകിയ തുകയും സ്കൂൾ അധികൃതർ ശേഖരിച്ച തുകയും ചേർത്ത് രണ്ടാം ക്ലാസുകാരന് മൊബൈൽഫോൺ വാങ്ങി നൽകി.

ചടങ്ങിൽ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, സെക്രട്ടറി ജി.എൻ. ഹരികുമാർ, സ്കൂൾ ഇൻ ചാർജ് പ്രഥമാദ്ധ്യാപിക ബീന എന്നിവർ പങ്കെടുത്തു. പതിനാറാം മൈൽ പൊയ്കയിൽ ദാറുൽ ഹസ്നയിൽ നിസാമുദ്ദീൻ- ഫാത്തിമ ബീഗം ദമ്പതികളുടെ മകളാണ് ഹുസ്ന ഫാത്തിമ.