kovalam

കോവളം: ശക്തമായൊരു മഴ പെയ്താൽ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പയറ്റുവിള അമ്പലത്തിങ്കൽ വീട്ടിൽ ശശികുമാറിന്റെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തും,​ കീറിയ ഷീറ്റിനിടയിലൂടെ വെള്ളം വീടിനുള്ളിലേക്ക് ഇറ്റുവീഴും കൂടാതെ എപ്പോൾ വേണമെങ്കിലും തകരാമെന്ന നിലയിലാണ് കാലപ്പഴക്കമുള്ള ഈ വീട്. ഓരോ കാലവർഷം കഴിയുമ്പോഴും ഓരോ ഭാഗമായി അടർന്നുപോകുന്ന വീട്ടിൽ ഭയത്തോടെയാണ് രോഗിയായ ശശികുമാറും ഭാര്യ മംഗളകുമാരിയും മകൻ അഭിജിത്തും കഴിയുന്നത്. ഹൃദയസംബന്ധമായ രോഗം കാരണം ചികിത്സയിൽ കഴിയുന്നയാളാണ് ശശികുമാർ. കൂടാതെ വർഷങ്ങൾക്ക് മുൻപ് കൂലിപ്പണിക്കിടെ അപകടത്തിൽ പരിക്കേറ്റ് ഇയാളുടെ ഇടത് കൈക്ക് വൈകല്യം സംഭവിച്ചിട്ടുണ്ട്. അതിന് ശേഷം പലപ്പോഴും പണിക്ക് പോകാതായി. അന്നന്നത്തെ അന്നത്തിനായി വീടിനുമുന്നിലുള്ള ഷെഡിൽ നെയ്ത് ജോലികൾ ചെയ്യുകയാണ് മംഗളം. നിലവിലെ പ്രതിസന്ധിയിൽ നൂൽ കിട്ടാതായതോടെ അതും നിലച്ചു. നെയ്ത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അഭിജിത്ത് പോളിടെക്നിക്കിൽ പഠിക്കുന്നത്. ഏത് നിമിഷവും വീട് ഇടി‌ഞ്ഞു വീഴാമെന്നുള്ളതിനാൽ ഇവരുടെ കൂടെയുണ്ടായിരുന്ന മംഗളത്തിന്റെ അമ്മയായ അമ്മുക്കുട്ടിയെ സമീപത്തെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. ഇവർ കിടപ്പുരോഗിയാണ്. 20 വർഷം മുൻപ് നെയ്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഇവരുടെ ഈ അഞ്ച് സെന്റ് വസ്തുവും വീടും വാങ്ങിയത്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇവർക്ക് ഉപജീവനമാർഗം പോലും നഷ്ടമായിരിക്കുകയാണ്. ശ്രീചിത്രയിൽ ചികിത്സ തേടുന്ന ശശികുമാറിന്റെ ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ വേണ്ടിവരും. ഈ തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. അരക്ഷിതാവസ്ഥയിലുള്ള ഇവരുടെ വീട് ഈ കാലവർഷം താണ്ടുമോ എന്നും ഉറപ്പില്ല. സർക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.