ലേലം ചെയ്യാതെ 18 വാഹനങ്ങൾ
തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്ളാന്റ് അടച്ചുപൂട്ടിയതോടെ ഓട്ടമില്ലാതായ നഗരസഭയുടെ മാലിന്യ ലോറികൾ തുരുമ്പെടുത്ത് നശിക്കുന്നു. മാലിന്യ സംസ്‌കരണ പ്ളാന്റ് അടച്ചുപൂട്ടിയിട്ട് വർഷങ്ങളായെങ്കിലും ഈ ലോറികൾ ലേലം ചെയ്യാനോ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കാനോ നഗരസഭ തുനിഞ്ഞിട്ടില്ല. ടിപ്പർ ലോറി, മിനിലോറി, മിനി ടിപ്പർ, വാട്ടർ ടാങ്കറുകൾ തുടങ്ങിയ വാഹനങ്ങളാണ് പലയിടത്തായി കിടന്ന് നശിക്കുന്നത്. 60 വാഹനങ്ങൾ ഉണ്ടായിരുന്നതിൽ പ്രതിഷേധം കനത്തതോടെ 42 വാഹനങ്ങൾ രണ്ട് വർഷം മുമ്പ് 59 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തിരുന്നു.
അന്ന് 60 വാഹനങ്ങൾ ഫോർട്ട് സോണൽ ഓഫീസിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആദ്യഘട്ട ലേലത്തിന് ശേഷം ഫോർട്ട് സോണൽ ഓഫീസ് നവീകരിക്കുന്നതിനായി വണ്ടികൾ അവിടെ നിന്ന് മാറ്റിയിരുന്നു. ശേഷിക്കുന്ന 18 വാഹനങ്ങൾ ഇപ്പോഴും ശാന്തികവാടം, വിളപ്പിൽശാല എന്നിവിടങ്ങളിൽ കിടന്ന് നശിക്കുകയാണ്. ഒരു കോടി രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് അധികൃതർ ഇടപെടാത്തതുമൂലം തുരുമ്പെടുത്ത് പോകുന്നത്. വാഹനങ്ങൾക്ക് മീതെ മാലിന്യങ്ങളും പാഴ്‌ച്ചെടികളും മൂടിക്കഴിഞ്ഞു. പൊളിഞ്ഞുവീണും ചപ്പുചവറുകൾ കുന്നുകൂടിയും വർഷങ്ങളായി മഴയുംവെയിലുമേറ്റ് നശിച്ച ഇവയുടെ ടയറുകളൊക്കെ പഞ്ചറായി നിലംപറ്റിയിട്ടുണ്ട്. പലവാഹനങ്ങളും അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കാൻ വാഹനം വാങ്ങുന്നത്ര പണം ചെലവാക്കേണ്ട സ്ഥിതിയാണ്. ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം നഗരസഭയ്ക്കുണ്ടാവുക.
ഒരു വാഹനത്തിന് പരമാവധി അഞ്ച് മുതൽ 13 ലക്ഷം വരെയാണ് വില. കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാൻ സർക്കാരിൽ നിന്നുള്ള പ്രത്യേക ഉത്തരവ് ലഭിക്കാത്തതാണ് ലേലത്തിന് സാധിക്കാത്തതെന്നായിരുന്നു നേരത്തെ നഗരസഭ പറഞ്ഞിരുന്നത്. ഇപ്പോൾ നടപടികൾ പുരോഗമിക്കുകയാണെന്നും നഗരസഭ പറയുന്നു.
ഉപയോഗിക്കാതെ ഇട്ടിരുന്ന ആകെ വാഹനങ്ങൾ - 60
ഇതിൽ ലേലം ചെയ്തവ - 42 ശേഷിക്കുന്നവ - 18
ലേലം ചെയ്യൽ നടക്കില്ല, ഇനി
ആക്രിവിലയ്ക്ക് നൽകേണ്ടിവരും
ഇനിയുള്ള 18 വണ്ടി ലേലം ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വണ്ടികളിൽ ഒന്നിനും റിം, ടയർ, ബാറ്ററി, ഗിയർബോക്സ് എന്നിവയില്ല. പല വണ്ടികളിൽ നിന്നും ഇതെല്ലാം ആരോക്കെയോ കടത്തിക്കൊണ്ടുപോയി. വർഷങ്ങളായി കിടക്കുന്നതുകൊണ്ട് ആരും ഇത് ശ്രദ്ധിക്കാറില്ല.
നഗരസഭയ്ക്ക് വർക്ക് ഷോപ്പ്
വേണമെന്ന ആവശ്യം ശക്തം
സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി വർക്ക്ഷോപ്പ് വേണമെന്ന ആവശ്യം ശക്തമാകുകയാണ്. 228 വാഹനങ്ങൾ നിലവിൽ നഗരസഭയ്ക്ക് സ്വന്തമായുണ്ട്. ഇതിന്റെയെല്ലാം റിപ്പയറിംഗും മറ്റും പുറത്താണ് ചെയ്യുന്നത്. വൻതുകയാണ് ഇതിനുവേണ്ടി ചെലവാക്കുന്നത്.
മാലിന്യ വണ്ടികൾ വർഷങ്ങളായി കിടന്ന് നശിക്കുകയാണ്. മാറി മാറി വന്ന ഭരണസമിതിയോട് പലതവണ ഈക്കാര്യം സൂചിപ്പിച്ചിട്ടും അനക്കമില്ല. കോടികളാണ് നഗരസഭയ്ക്ക് നഷ്ടം. ഇതിന് അടിയന്തര പരിഹാരം കാണണം.
തിരുമല അനിൽ, ബി.ജെ.പി നഗരസഭാ
പാർലമെന്ററി പാർട്ടി നേതാവ്