qq

വർക്കല: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ജീവിതം വഴിമുട്ടിയ തൊഴിലാളി വിഭാഗങ്ങളിൽ ഒന്നായ ഫോട്ടോഗ്രാഫർമാരും ഇതിന്റെ പിന്നിൽ പണിയെടുക്കുന്ന 100 കണക്കിന് പേരുടെയും ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വിവാഹത്തനും മറ്റ് അനുബന്ധ ചടങ്ങുകൾക്കും ലോക്ക് ഡൗൺ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവരുടെ നിത്യവരുമാനം പോലും പ്രതിസന്ധിയിലായി. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നീ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് വർക്കല - ചിറയിൻകീഴ് താലൂക്കുകളിൽ ഏകദേശം 1300ൽ പരം ആളുകളും അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും അവരുടെ സംരക്ഷണത്തിൽ കഴിയുന്ന കുടുംബാംഗങ്ങളും തൊഴിൽ നഷ്ടംമൂലം കഷ്ടത അനുഭവിക്കുന്നു. സ്റ്റുഡിയോകൾക്ക് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചാൽ തന്നെ കുടുംബത്തിലെ നിത്യചെലവുകളെങ്കിലും നടന്നുപോകുമെന്നാണ് ഉടമകളും കാമറാമാന്മാരും പറയുന്നത്. കാമറയുടെ പിന്നിൽ മികവോടെ ജോലി ചെയ്തിരുന്ന ഇവർക്ക് കൊവിഡിന് മുൻപ് തെറ്റില്ലാത്ത വരുമാനമാണ് ലഭിച്ചിരുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്റ്റുഡിയോ വർക്കുകൾക്ക് നിയന്ത്രണം വന്നതോടെ ഇവരുടെ ജീവിതം ഇരുളിലായി. വർക്കല- ചിറയിൻകീഴ് താലൂക്കുകളിലായി ചെറുതും വലുതുമായി ഏകദേശം 250ഓളം സ്റ്റുഡിയോകളിലായി എഴുന്നൂറിലധികം പേരാണ് ഫോട്ടാഗ്രാഫർമാരായും വീഡിയോഗ്രാഫർമാരായും അനുബന്ധ മേഖലകളിലുമായി ജോലിചെയ്യുന്നത് . വരുമാനം നിലച്ചതോടെ പലരും കടക്കെണിയിലായി.

ഈ മാസം ഒൻപതിന് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നാലും സ്റ്റുഡിയോകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമോയെന്ന ആശങ്കയിലാണ് ഇവർ. ലക്ഷങ്ങളുടെ ബാധ്യതയിലാണ് സ്റ്റുഡിയോ ഉടമകളും തൊഴിലാളികളും.

തലയ്ക്കുമീതെ ബാധ്യത

ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കിടപ്പാടം ഈടുവച്ച് ലക്ഷങ്ങൾ വായ്പയെടുത്തും സ്വർണം പണയംവച്ചും സ്ഥാപനം തുടങ്ങിയവരെല്ലാം ഇന്ന് കടബാധ്യതയിലാണ്. വായ്പയെടുത്തും അമിത പലിശക്ക് കടംവാങ്ങിയും വാങ്ങി കൂട്ടിയ കാമറ, ലൈറ്റ്, ഫ്ലാഷ്, കംപ്യൂട്ടർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ തുടങ്ങിയവ ഉപയോഗിക്കാതെ കേട് സംഭവിക്കുന്നു. അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോയുടെ കരണ്ട് ബില്ലും വാടകയും കൊടുക്കാൻപോലും നിവർത്തിയില്ലാത്ത സാഹചര്യമാണ്.

വർക്കല - ചിറയിൻകീഴ് താലൂക്കുകളിലായി സ്റ്റുഡിയോകളുടെ എണ്ണം............ 270

ഫോട്ടോഗ്രാഫർ - വീഡിയോഗ്രാഫർ - 700

സ്റ്റുഡിയോ അനുബന്ധ തൊഴിലാളികൾ - 400

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വായ്പയെടുത്താണ് പലരും കട നടത്തുന്നത്. ഇവരെ സഹായിക്കാൻ സർക്കാർ കൂടുതൽ ഇടപെടൽ നടത്തണം. താലൂക്കിലെ ഫോട്ടോഗ്രാഫർമാർ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണണം. സ്റ്റുഡിയോകൾ തുറക്കുന്നതിനുള്ള നടപടി സർക്കാർ തലത്തിലുണ്ടാകണം.

സിവിൻ പ്രകാശ്, ഓൾ കേരള ഫോട്ടോ

ഗ്രാഫേഷ്സ് അസോസിയേഷൻ ചിറയിൻകീഴ് മേഖല പ്രസിഡന്റ്