കോവളം: വീട്ടിൽവച്ച് മരണപ്പെട്ട വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാൻ ആരുമില്ലാതായപ്പോൾ സഹായവുമായി കോവളം ജനമൈത്രി പൊലീസ്. വെള്ളാർ വാർഡിലെ വേടർ കോളനിയിൽ സരസുവിന്റെ ( 88 ) സംസ്‌കാരമാണ് കോവളം പൊലീസ് ഇടപെട്ട് നടത്തിയത്.
40 വർഷമായി ഇവിടെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന സരസു ഏഴ് വർഷമായി കിടപ്പുരോഗിയാണ്. പാലിയേറ്റീവ് കെയർ വോളന്റിയർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ നടന്നിരുന്നത്. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഇവർക്ക് ഭക്ഷണവും വാഴമുട്ടം സ്‌കൂളിലെ എസ്.പി.സി വിദ്യാർത്ഥികളും കോവളത്തെ വിദേശ വനിതയും മറ്റ് സംഘടനകളും ഇവർക്ക് സഹായങ്ങളുമെത്തിച്ചിരുന്നു. അസുഖം മൂർച്ഛിച്ച ഇവർ ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് മരിച്ചത്.
കൊവിഡ് ഭീതി കാരണം മൃതദേഹം സംസ്‌കരിക്കാൻ സഹായത്തിനായി ആരുമെത്താതായി. തുടർന്ന് വാർഡ് മെമ്പർ അഷ്ടപാലൻ വിവരം കോവളം ജനമൈത്രി പൊലിസ് കോ ഓർഡിനേറ്റർ ടി. ബിജുവിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.30ഓടെ ജനമൈത്രി ബീറ്റ് ഓഫീസർ ഷിബുനാഥ്, എച്ച്.ഐ ജസ്റ്റിൻ, ആശാ വർക്കർ വത്സല എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്‌കരിച്ചു.