road-vakkom

വക്കം: വക്കത്ത് റോഡുകൾക്ക് നവീകരണവും ശുചീകരണവും ഇല്ലെന്ന് പരാതി. പ്രധാന റോഡുകളും, ഇട റോഡുകളും വെള്ളക്കെട്ടിലാണ്. ഇട റോഡുകളിൽ വെള്ളം കെട്ടിക്കിടന്നും അതിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ്. ഇവിടെ കൊതുക് ശല്യവും രൂക്ഷമാണ്. ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് പ്രദേശവാസികളാണ്. പ്രധാന റോഡുകൾക്കിരുവശങ്ങളിലുമുള്ള ഓടകൾ വൃത്തിയാക്കാത്തത് മൂലം ഇവിടെ പാഴ്ച്ചെടികൾ വളർന്ന നിലയിലാണിപ്പോൾ. മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിന ജലം റോഡിലൂടെയാണ് ഒഴുകുന്നത്. അടഞ്ഞ ഓടകളിൽ വെള്ളം കെട്ടിക്കിടന്ന് സ്ഥിരം കൊതുക് വളർത്തൽ കേന്ദ്രമായി മാറിക്കഴിഞ്ഞു.

മഴക്കാല പൂർവ ശുചീകരണം ഇക്കുറി നടന്നിട്ടില്ല. വെള്ളക്കെട്ടുകളും കൊതുക് ഭീഷണിയും വക്കത്തെ ആരോഗ്യമേഖലയ്ക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്റർലോക്ക് പാകിയ ഇടറോഡുകളുടെ സ്ഥിതിയും മോശം തന്നെ. യഥാസമയങ്ങളിലെ അറ്റകുറ്റപ്പണികൾ ചെയ്യാതിരിക്കുന്നത് മൂലം കൂടുതൽ ഇന്റർലോക്കുകൾ തകർന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഗ്രാമപഞ്ചായത്തിലെ ബ്ലീച്ചിംഗ് പൗഡർ വിതരണവും, ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പരിപാടികളും നിലച്ച മട്ടാണിപ്പോൾ. ഇത് ഏറെ ആശങ്കയുളവാക്കുന്നു.