നെടുമങ്ങാട്: വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ച് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട്ഫോൺ നേടിയതിന്റെ ആഹ്ളാദത്തിലാണ് മണക്കോട് വാർഡിലെ എട്ടാംക്ലസ് വിദ്യാർത്ഥി അതുല്യ. ശാരീരിക വെല്ലുവിളികൾ നേരിടുന്ന മാതാപിതാക്കളും സഹോദരങ്ങളായ പോളിയോ ബാധിതയായ 15 വയസ്സുള്ള അഭിനയയും 6 വയസ്സുള്ള ആദർശും അടങ്ങിയതാണ് അതുല്യയുടെ കുടുംബം. സ്മാർട്ട്ഫോൺ വാങ്ങാൻ മാർഗ്ഗമില്ലാത്ത കുട്ടികൾ അയൽവീട്ടിലെ പരിചയക്കാരന്റെ ഫോണിൽ നിന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും തുടർന്ന് പുത്തൻ ഫോണുമായി വാർഡ് കൗൺസിലറും പാർട്ടി സെക്രട്ടറിയും വീട്ടിലെത്തുകയായിരുന്നു. ''ശിവൻകുട്ടി മാമനെ വിളിച്ചപ്പോൾ അനിൽ മന്ത്രി മാമൻ ഫോൺ വാങ്ങി വീട്ടിൽ കൊടുത്തയയ്ക്കുമെന്ന് പറഞ്ഞു" നിഷ്കളങ്കമായ ചിരിയോടെ അതുല്യ പറഞ്ഞു. കണ്ടെയിന്റ്മെന്റ് സോണായതിനാൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന് എത്താനായില്ല. പകരം സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫിനെയും കൗൺസിലർ ബി. സതീശനെയും ഫോണുമായി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എസ്. ബിജു, എ.ഐ.വൈ.എഫ് നേതാവ് പി.കെ. സാം എന്നിവരുമുണ്ടായിരുന്നു.
caption: മന്ത്രി വി. ശിവൻകുട്ടിയും മന്ത്രി ജി.ആർ. അനിലും കൊടുത്തയച്ച ഫോണുമായി അതുല്യയും അനുജൻ ആദർശും.