നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കേരള പൈതൃകമുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലുണ്ടായ തീ പിടിത്തത്തിൽ ക്ഷേത്ര ജീവനക്കാരായ 10 പേരെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗണേശന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ ഏഴ് സി.സി.ടി.വികളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്ര മൂലസ്ഥാനത്ത് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഭക്തജനങ്ങളുടെ സഹായത്തോടെ തീ പൂർണമായും കെടുത്തി.
പരിഹാരപൂജ നടത്തി
നട തുറന്നു
കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെ ടാർപാളിൻ കൊണ്ട് താത്കാലികമായി ക്ഷേത്രത്തിലെ മേൽക്കൂര കെട്ടിയശേഷം പരിഹാര പൂജകൾ നടത്തി വൈകുന്നേരം നടതുറന്നു. ഇന്നലെ രാവിലെ പതിവുപോലെ പൂജകൾ നടന്നു.
പൂജകളിൽ മാറ്റം
മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മുൻകാലങ്ങളിൽ കേരളീയ രീതിയിലാണ് പൂജാദി കർമങ്ങൾ നടത്തിയിരുന്നത്. അടുത്തിടെ തമിഴ്നാട് ക്ഷേത്രങ്ങളിലെ രീതിയിലാണ് പൂജകൾ നടത്തുന്നതെന്ന് ഭക്തജനങ്ങൾ പറയുന്നു. ബുധനാഴ്ച വൈകുന്നേരം പരിഹാര കർമ്മമായി ഗോമാതാ പൂജ മാത്രമാണ് ചെയ്തത്. മറ്റ് പരിഹാര പൂജകൾ ചെയ്യാത്തതിൽ ജനങ്ങൾ അതൃപ്തിയിലാണ്.
തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു ഇന്ന് ക്ഷേത്രം സന്ദർശിക്കും. അതിനുശേഷമേ പുനർനിർമ്മാണം ഉടൻ നടത്തുമോ എന്ന് വ്യക്തമാവൂ.
ക്ഷേത്രം നവീകരിക്കണം
കേരള പൈതൃകമുള്ള ക്ഷേത്രം ശരിയായി നവീകരിക്കണമെന്നും പുതിയ മേൽക്കൂരയിൽ സ്വർണത്തകിട് പാകാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും തമിഴ്‍നാട് ബി.ജെ.പി അദ്ധ്യക്ഷൻ എൽ. മുരുകൻ ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടാകാൻ ഇടയായ വിധത്തിൽ അശ്രദ്ധ പുലർത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്
ക്ഷേത്രം സന്ദർശിച്ചശേഷം എൽ. മുരുകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.