തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് ഐ.എം.എ ജില്ലാ കമ്മിറ്രി ആവശ്യപ്പെട്ടു. നെടുമങ്ങാട് പനവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനായ ഡോ. സ്വപ്ന.എസ്. കുമാറിനെയും മറ്റു ആരോഗ്യപ്രവർത്തകരെയും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആൾക്കാർ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ഐ.എം.എ വ്യക്തമാക്കി.
വാക്‌സിനേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വ്യക്തികൾക്ക് വാക്‌സിനേഷൻ നൽകണമെന്ന ആവശ്യം പ്രായോഗികമായി സാദ്ധ്യമല്ലെന്ന് ഡോക്ടർ അറിയിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും ഐ.എം.എ ശാഖാ പ്രസിഡന്റ് ഡോ. പ്രശാന്ത് സി.വിയും സെക്രട്ടറി ഡോ. സിബി കുര്യൻ ഫിലിപ്പും പറഞ്ഞു.