പാലോട്: മടത്തറ തട്ടുപാലത്ത് വ്യാജവാറ്റ് പരിശോധനയ്‌ക്കിടെ കാറിൽ നിന്ന് 1.61 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ കാർ ഉടമ കൊച്ചാലുമൂട് തോട്ടുംപുറത്ത് ഇർഷാദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.6 കിലോ കഞ്ചാവും 36,500 രൂപയും ഒരു എയർ ഗണ്ണും കണ്ടെത്തി. പാലോട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പാങ്ങോട് ഇർഫാന എർത്ത് മൂവേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇയാൾ ഒളിവിലാണ്. നേരത്തെ അബ്കാരിക്കേസിൽ പ്രതിയായ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദീൻ, ഗേഡ് എസ്.ഐമാരായ ഭുവനചന്ദ്രൻ, അൻസാരി, എസ്.ഐ കേഡറ്റുകളായ അരവിന്ദ്, ഷെഫിൻ, എസ്.സി.പി.ഒ രാജേഷ് കുമാർ, സി.പി.ഒ നിസാം, സുജുകുമാർ, വിനീത്, സുനിത, പൊലീസ് ട്രെയിനികളായ സുരാജ്, അഖിൽ എന്നിവരടങ്ങിയ ടീമാണ് അന്വേഷണം നടത്തുന്നത്.