വർക്കല:വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 6.4 ലക്ഷം രൂപ ചെലവഴിച്ച് കൊവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൈമാറിയതായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.സ്മിത സുന്ദരേശൻ അറിയിച്ചു.പൾസ് ഓക്സീമീറ്റർ,പി.പി.ഇ കിറ്റ് ,മാസ്കുകൾ,സാനിറ്റൈസർ,ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ബ്ലോക്ക് പരിധിയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്നതിനായാണ് മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് നൽകിയത്.മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാറിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാർ എന്നിവർ സംബന്ധിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുൺ രാജ് നന്ദിയും പറഞ്ഞു.