വെള്ളറട: കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ കൊവിഡ് മുക്തമായ ശേഷം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ പരിഹരിക്കുന്നതിനുള്ള പോസ്റ്റ് കൊവിഡ് ക്ളിനിക്ക് പ്രവർത്തനമാരംഭിച്ചു. രോഗ മുക്തരെ അലട്ടുന്ന പോസ്റ്റ് കൊവിഡ് സിൻട്രം ചികിത്സിക്കുന്നതിന് വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളെ സംയോജിപ്പിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 3.30 വരെ ക്ളിനിക്ക് പ്രവർത്തിക്കും. ചികിത്സയ്ക്ക് വളരെ സഹായകരമായ ഡി - ഡൈമർ, എൽ.ഡി.എച്ച്. എന്നീ ലാബ് പരിശോധനകളും തുടങ്ങി. രോഗത്തിന്റെ സങ്കീർണതകളും ഗുരുതരാവസ്ഥയും പുരോഗതിയും കൃത്യമായി വിലയിരുത്തുന്നതിന് ഈ പരിശോധനകൾ സഹായകരമാകും.
ക്ളിനിക്കിന്റെയും ലാബിലെ നൂതന പരിശോധനകളുടെയും ഉദ്ഘാടനം ഡയറക്ടർ ഡോ. ജെ. ബെനറ്റ് എബ്രഹാം നിർവഹിച്ചു. മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.സ്റ്റാൻലി ജോൺസ്, പ്രിൻസിപ്പൽ ഡോ. അനുഷ മെർലിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്. ബാബുരാജ്, നോഡൽ ഓഫീസർ ഡോ. ഷിബു രാജ് തുടങ്ങിയവർ സംസാരിച്ചു.