gucci

കണ്ടാൽ സിമ്പിൾ ലുക്ക് തോന്നുന്നതാണെങ്കിലും വിലയിൽ അത്ര സിമ്പിൾ അല്ലാത്ത ബ്രാൻഡഡ് വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ, ഇതാ ഒരു ' സിമ്പിൾ ' കുർത്തയെ പരിചയപ്പെടുത്താം. ഇറ്റാലിയൻ ലക്‌‌ഷ്വറി ഫാഷൻ വസ്ത്ര ബ്രാൻഡായ ഗുചിയാണ് ഫാഷൻ ലോകത്തിന് മുന്നിൽ ഈ ഇന്ത്യൻ കുർത്ത അവതരിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വസ്ത്രങ്ങൾ രൂപകല്പന ചെയ്യാൻ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകൾ ശ്രദ്ധിക്കാറുണ്ട്. ' ഫ്ലോറൽ കാഫ്റ്റൻ " പേരിലാണ് ഗുചി ഇപ്പോൾ ഇന്ത്യൻ സ്റ്റൈൽ വസ്ത്രം അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും ഇതൊരു ഓഫ് - വൈറ്റ് കുർത്തയാണ്. കോളറിന് ചുറ്റും മനോഹരമായ ഫ്ലോറൽ ഡിസൈനാണ് ഇതിന്റെ പ്രത്യേകത. ഏകദേശം കാശ്മീരി ഫിരാൻ കോട്ടുമായി സാമ്യമുള്ള ഡിസൈനാണ് ഇതിന്.

സംഭവം കാണാൻ സൂപ്പറാണെങ്കിലും വില കേട്ടവരെല്ലാം ഞെട്ടി. 3500 ഡോളർ അഥവാ ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ വസ്ത്രത്തിന്റെ വില. വസ്ത്രത്തിന്റെ വിലയെ ട്രോളി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ഇന്ത്യയിൽ സുലഫമായ ഡിസൈനിന് ഇത്രയും വില വന്നതിൽ പലരും ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മോഡൽ വസ്ത്രത്തെയാണ് ഗുചി ബ്രാൻഡാക്കി അവതരിപ്പിച്ചതെങ്കിലും വിദേശരാജ്യങ്ങളിൽ ഇതിന് ആവശ്യക്കാരേറെയാണ്.

നേരത്തെ ' കറ പുരണ്ട ' ഡെനിം ജീൻസും ഓവറോളും പുറത്തിറക്കി ഗുചി വാർത്തകളിൽ നിറഞ്ഞിരുന്നു. കണ്ടാൽ കറ പിടിച്ചതുപോലുള്ള ലുക്ക് കൃത്രിമമായാണ് രൂപപ്പെടുത്തിയത്. 1,400 ഡോളറായിരുന്നു ഈ ഡെനിമിന്റെ വില. അതായത് ഏകദേശം 1,02,958 രൂപ !