തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടേത് ജനാധിപത്യ വിരുദ്ധ നടപടികളാണെന്ന് ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജി.പി.ഒയ്ക്കു മുന്നിൽ നടന്ന പ്രതിഷേധം സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്‌ക്കു മേൽ കേന്ദ്രസർക്കാരിന്റെ കാപട്യം അടിച്ചേൽപ്പിക്കുകയാണെന്നും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകർക്കുക എന്ന സംഘപരിവാർ അജൻഡയാണ്‌ അവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ. വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. സി. ജയൻബാബു, സി. പ്രസന്നകുമാർ, ആർ. സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ഏജീസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിേഷേധം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് (എസ്)​ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവർ പങ്കെടുത്തു. ജി.എസ്.ടി കമ്മിഷണറുടെ കാര്യാലയത്തിനു മുന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,​ സെൻട്രൽ റെയിൽവേ സ്റ്റേഷൻ സൗത്ത് ഗേറ്റിനു മുന്നിൽ എൻ. സുന്ദരം പിള്ള,​ കരമനയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമ,​ പൂജപ്പുരയിൽ കരമന ഹരി,​ ചാല പോസ്റ്റ് ഓഫീസിന് മുന്നിൽ എസ്.എ. സുന്ദർ എന്നിവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി വട്ടിയൂർക്കാവ് പോസ്റ്റ് ഓഫീസിന് മുന്നിലും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു എന്നിവർ ആർ.എം.എസിനു മുന്നിലും പ്രതിഷേധത്തിൽ പങ്കെടുത്തു.