bus

തിരുവനന്തപുരം: കണ്ണൂർ ഡീലക്സിൽ സി.ഐ.ഡി നസീറും സംഘവും കോടതിയിലെത്തി കെ.എസ്.ആർ.ടി.സിയുടെ മാനം രക്ഷിക്കാൻ!

കെ.എസ്.ആർ.ടി.സി എന്ന പേര് കേരളത്തിന് ഉപയോഗിക്കാനാവില്ലെന്നു പറഞ്ഞ് കർണാടകം ഞെളിഞ്ഞു നിന്നപ്പോൾ സ്വന്തം ചുരുക്കപ്പേര് നഷ്ടപ്പെടാതിരിക്കാൻ നസീറിനെയും ഭാസിയെയും ഷീലയെയും ഇറക്കി കളിച്ചു വിജയിക്കുകയായിരുന്നു നമ്മുടെ കോർപറേഷൻ. 1969 മേയ് 16ന് റിലീസ് ചെയ്ത സൂപ്പർഹിറ്റ് സിനിമ കണ്ണൂർ ഡീലക്സിന്റെ നല്ലൊരു ഭാഗവും ചിത്രീകരിച്ചത് ട്രാൻസ്പോർട്ട് ബസിലാണ്. 1967ൽ ആരംഭിച്ച കണ്ണൂർ ഡീലക്സ് സർവീസ് ഇന്നുമുണ്ട്.

1965 ഏപ്രിൽ ഒന്നിനാണ് കേരള റോ‌ഡ് ട്രാൻസ്പോർട്ട് കോർപറേഷൻ രൂപീകരിക്കുന്നത്. 1973 നവംബർ ഒന്നിന് കർണാടക കോർപറേഷനും. അതിനു മുമ്പ് പേര് മൈസൂർ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നായിരുന്നു. കർണാടകത്തിന്റെ വാദം പൊളിക്കാൻ ട്രേഡ് മാർക്ക് രജിസ്ട്രി ട്രൈബ്യൂണലിൽ 2014 മുതൽ കേരളം കേസ് പറയുകയായിരുന്നു. പേര് ലഭിക്കണമെങ്കിൽ കോർപറേഷൻ രൂപീകരിച്ചാൽ മാത്രം പോരാ,​ അന്നു മുതൽ പ്രവർത്തനത്തിലാണെന്ന് തെളിയിക്കുകയും വേണം. അങ്ങനെയാണ് കണ്ണൂർ ഡീലക്സിന്റെ രംഗങ്ങളും തെളിവായത്.

അന്ന് ബസിന്റെ മുൻവശത്ത് കെ.എസ്.ആർ.ടി.സി എന്ന് എഴുതുന്ന പതിവില്ലായിരുന്നെങ്കിലും കോർപറേഷന്റെ എബ്ലം പതിപ്പിക്കുമായിരുന്നു.

എ.ബി.രാജ് സംവിധാനം ചെയ്ത കുറ്റാന്വേഷണ സിനിമയുടെ തിരക്കഥ എസ്.എൽ.പുരം സദാനന്ദന്റേതായിരുന്നു.

സിനിമ മാത്രമല്ല,​ സാഹിത്യവും കേരളം തെളിവായി നിരത്തി. ആർ.ബാലകൃഷ്ണപിള്ള, ലോലപ്പൻ നമ്പാടൻ എന്നിവരുടെ ആത്മകഥകൾ, മറ്റ് ലേഖനങ്ങൾ... എല്ലാം വിവർത്തനം ചെയ്തു നൽകി. പോരാത്തതിന് പഴയ ശിലാഫലകങ്ങളൊക്കെ കണ്ടുപിടിച്ച് കഴുകി വൃത്തിയാക്കി തെളിവുകളാക്കി. ആദ്യകാല പെൻഷൻകാർക്ക് നൽകിയിരുന്ന സമ്മാനങ്ങളിലെ രേഖപ്പെടുത്തലുകളും ഹാജരാക്കി.

അഡ്വ. വി.സി.ജോർജ്ജ് മുഖാന്തരമാണ് കേസ് ഫയൽ ചെയ്തത്. സോണൽ ഓഫീസർ ശശിധരൻ,​ ഡെപ്യൂട്ടി ലാ ഓഫീസർ പി.എൻ.ഹേന എന്നിവരാണ് തെളിവുകൾ ശേഖരിച്ചത്. സി.ജി.പ്രദീപ് കുമാറായിരുന്നു നോഡൽ ഓഫീസർ.

ആനവണ്ടിക്ക് വേണ്ടിയും

ആനവണ്ടി എന്ന് പേര് കെ.എസ്.ആർ.ടി.സി സ്വന്തമാക്കിയതും ഒരു വാശികാരണം. ഒരു യു.ട്യൂബർ ആനവണ്ടി എന്ന് പേര് ഉപയോഗിച്ചിരുന്നതിനെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് എതിർത്തു. എന്നാൽ ആനവണ്ടി ചെല്ലപ്പേരാണെന്നും അതിൽ കെ.എസ്.ആർ.ടി.സിക്ക് അവകാശപ്പെടാൻ രേഖകളില്ലെന്നും എതിർകക്ഷി വാദിച്ചു. അങ്ങനെയാണ് ആ പേരും കൂടി രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയത്.