ksrtc

തിരുവനന്തപുരം: നീണ്ടനാളത്തെ കോടതി വ്യവഹാരത്തിന് ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകുകയും കൊവിഡ് ഒന്നാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണിനെ തുടർന്ന് പിരിച്ചുവിടുകയും ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ പ്രതിസന്ധിയിൽ.

2020 ജൂൺ മുതൽ സർവീസുകൾ വെട്ടിക്കുറച്ചപ്പോൾ മാറ്റിനിറുത്തിയ ജീവനക്കാരാണ് ഉപജീവനത്തിന് ബുദ്ധിമുട്ടുന്നത്. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകാത്തതിനെ തുടർന്ന് നടത്തിയ സമരങ്ങൾക്ക് ശേഷം ലിസ്റ്റിലുൾപ്പെട്ട 46 പേർ കോടതിയെ സമീപിച്ച് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018 ൽ ആയിരത്തിലധികം പേരെ പി.എസ്.സി അൺ അഡ്‌വൈസ്ഡ് എംപാനൽ ഡ്രൈവർമാരായി കെ.എസ്.ആർ.ടി.സി താത്കാലിക നിയമനം നൽകിയിരുന്നു. 45 വയസ് പിന്നിട്ടവരാണ് ഇതിലേറെയും.

എന്നാൽ, കൊവിഡ് പ്രതിസന്ധിയുണ്ടായ ആദ്യ നാളുകളിൽ സർവീസുകൾ വെട്ടിക്കുറച്ചപ്പോൾ ഒഴിവാക്കിയ ഇവരെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചില്ല.
മുഖ്യമന്തിയുടെ പ്രതിദിന വാർത്താസമ്മേളനത്തിൽ പി.എസ്.സി എംപാനൽ ജീവനക്കാരെയും 10 വർഷത്തിന് മേൽ ഡ്യൂട്ടി ചെയ്ത താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും നടപടികളുണ്ടായില്ല. മറ്റൊരു ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്ത വിധത്തിൽ പ്രായപരിധി കഴിഞ്ഞ എം പാനൽ ഡ്രൈവർമാരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം.