തിരുവനന്തപുരം: കടൽ കവർന്ന ശംഖുംമുഖം റോഡിന് സമീപത്ത് തീരമിടിച്ചിൽ ഭീഷണി നേരിടുന്ന അഞ്ചോളം വീടുകൾ സംരക്ഷിക്കുന്നതിനായുള്ള ഷീറ്റ് പൈലിംഗ് പുരോഗമിക്കുന്നു. 50 മീറ്ററോളം നീളത്തിലാണ് ഷീറ്റ് പൈലിംഗ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നത്. നിലവിൽ 30 മീറ്റ‌റോളം ഷീറ്റ് പൈലിംഗ് പൂർത്തിയാക്കി. ഡയഫ്രം വാളിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് രൂക്ഷമായ കടലാക്രമണത്തിൽ ശംഖുംമുഖം തീരവും റോഡും പൂർണമായും തകർന്നത്. അഞ്ച് മീറ്റർ കൂടി കടൽ കയറിയാൽ തീരത്തെ വീടുകൾക്കും കടകൾക്കും ഭീഷണിയാകും. ഇത് മുന്നിൽക്കണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ താത്കാലിക ഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയത്. 18 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് ശംഖുംമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്. ഡയഫ്രം വാളിന്റെ നി‌ർമ്മാണം കടൽ ഇറങ്ങിയാൽ മാത്രമേ ആരംഭിക്കാനാവൂ. ഇവിടെ ഫില്ലിംഗിനായി എത്തിച്ചിരുന്ന മണലും കടലെടുത്തിരുന്നു. റോഡ് തകർന്നതിനാൽ നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഡയഫ്രം വാളിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് മാസമെടുക്കും. അതിനു ശേഷമേ റോഡിന്റെ പുനരുദ്ധാരണം തുടങ്ങാനാകൂ. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണ ഭിത്തിക്കായി 6.74 കോടി രൂപയും റോഡിനായി 1.6 കോടി രൂപയുമാണ് സർക്കാർ വിലയിരുത്തിയിരിക്കുന്നത്. സംരക്ഷണഭിത്തി ഡയഫ്രം വാളിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചാൽ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാ‌‌ർ വ്യക്തമാക്കുന്നത്. ഡൽഹി ആസ്ഥാനമായ സെൻട്രൽ റോഡ് ഇൻസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഡയഫ്രം വാളിന്റെ ഡിസൈൻ തയ്യാറാക്കിയത്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ശംഖുംമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.