നെടുമങ്ങാട്: മതാതീത ആത്മീയതയുടെ പ്രയോക്താവും ഉജ്വല വാഗ്മിയുമായ നെടുമങ്ങാടിന്റെ സ്വന്തം അക്ഷരമുത്തശ്ശി പ്രൊഫ. എ. നബീസാ ഉമ്മാൾ നവതിയുടെ നിറവിൽ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുടുംബവീടായ പത്താംകല്ല് ഷാലിമാർ ബംഗ്ളാവിൽ നടന്ന ലളിതമായ ചടങ്ങിൽ ശിഷ്യനും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ മധുരം പങ്കിട്ട് ബന്ധുക്കളും നാട്ടുകാരും നവതി ആഘോഷിച്ചു. നവതി ദിനത്തിൽ കേരളീമാതൃകയിൽ കസവുമുണ്ടണിഞ്ഞാണ് ടീച്ചർ സന്ദർശകരെ വരവേറ്റത്. ആറ്റിങ്ങൽ കല്ലൻവിള വീട്ടിൽ ഖാദർ മൊയ്തീന്റെയും അസനുമ്മാളിന്റെയും മകളായി ജനിച്ച നബീസാഉമ്മാൾ ഇരുപതാംവയസിൽ കരസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷാലിമാർ ബംഗ്ളാവിൽ എം. ഹുസൈൻകുഞ്ഞിന്റെ ഭാര്യയായി എത്തിയശേഷമാണ് നെടുമങ്ങാടിന്റെ പൊതുപ്രവർത്തനരംഗത്ത് ചുവടുറപ്പിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും തലസ്ഥാനത്ത് ബിരുദാനന്തര ബിരുദവും നേടുന്ന ആദ്യ മുസ്ലിം വനിതയെന്ന ഖ്യാതി നബീസാ ഉമ്മാളിനാണ്. പിന്നീട് ഇതേ കോളേജിൽ അദ്ധ്യാപികയും പ്രിൻസിപ്പലുമായി. ഇ.എം.എസിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പ്രസംഗമാണ് ഇടത് രാഷ്ട്രീയവുമായി ബന്ധിപ്പിച്ചത്. 1987ൽ കഴക്കൂട്ടത്തുനിന്ന് ഇടത് സ്വതന്ത്രയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995ൽ നെടുമങ്ങാട് നഗരസഭയുടെ ആദ്യ വനിതാ അദ്ധ്യക്ഷയുമായി. വനിതാ ജനപ്രതിനിധികൾ പൊതുരംഗത്ത് കൂടുതലായി കടന്നുവരണമെന്നാണ് നവതി ദിനത്തിൽ ടീച്ചർ നൽകുന്ന സന്ദേശം. സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്ഥിരംസമിതി ചെയർമാൻ പി. ഹരികേശൻ നായർ, മുൻ നഗരസഭാ ചെയർമാൻ ആർ. മധു, കൗൺസിലർമാരായ ഷമീർ, എൻ.ആർ. ബൈജു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, അജിംഖാൻ എന്നിവരും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും നബീസാ ഉമ്മാളിനെ നവതി ആശംസകൾ അറിയിച്ചു.