കേളകം: പന്നിഫാം നടത്തിപ്പിന്റെ മറവിൽ രാമച്ചി ഭാഗം കേന്ദ്രീകരിച്ച് ചാരായ നിർമ്മാണം നടത്തിയ വെള്ളൂന്നി സ്വദേശിക്കെതിരെ പേരാവൂർ എക്‌സൈസ് കേസെടുത്തു. ചാരായം വാറ്റാൻ പാകപ്പെടുത്തി സൂക്ഷിച്ച 150 ലിറ്റർ വാഷാണ് ഇയാളുടെ താത്കാലിക താമസ സ്ഥലത്ത് നിന്നും കണ്ടെടുത്തത്. വെള്ളൂന്നി സ്വദേശി കാക്കരമറ്റത്തിൽ ഡിവൈൻ സെബാസ്റ്റ്യൻ (25) എന്നയാൾക്കെതിരെയാണ് വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കേസെടുത്തത്. പേരാവൂർ എക്‌സൈസ് പാർട്ടി രാമച്ചി വനമേഖലയോട് ചേർന്നുള്ള ജനവാസമില്ലാത്ത മേഖലയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രവർത്തിച്ചു വന്ന പന്നിഫാം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ. ഉമ്മർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജെയിംസ്, സി.പി. ഷാജി, കെ.എ. മജീദ്, കെ. ശ്രീജിത്ത്, വി. സിനോജ്, എക്‌സൈസ് ഡ്രൈവർ എം. ഉത്തമൻ എന്നിവർ പങ്കെടുത്തു.