കാട്ടാക്കട: കൊവിഡിൽ ബുദ്ധിമുട്ടുന്നവർക്കായി സി.പി.ഐയുടെ നേതൃത്വത്തിൽ കള്ളിക്കാട്ട് ജംഗ്‌ഷനിൽ ഭക്ഷ്യ സാധനങ്ങളും മറ്റവശ്യ സാധനങ്ങളും സൗജന്യമായി വിതരണം ചെയ്യുന്ന സ്നേഹചന്ത ആരംഭിച്ചു. പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജന സാധനങ്ങൾ, മാസ്ക്, സാനിറ്റൈസർ, സോപ്പ് തുടങ്ങിയെല്ലാം ഇവിടെയുണ്ട്. സ്നേഹച്ചന്തയിലേക്ക് അവശ്യമായവ സൗജന്യമായി തന്നെ പലരും സംഭാവന നൽകുകയും കുറവുള്ളവ വിലകൊടുത്തു വാങ്ങുകയുമാണ് ചെയ്യുന്നത്. ലോക്ക് ഡൗൺ മൂലം ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെയും മഴവെള്ളമിറങ്ങി കൃഷി നശിച്ചും ദുരിതത്തിലായ കർഷകരുടെ ഉത്പന്നങ്ങൾ വിലയ്ക്കു വാങ്ങി ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് സ്നേഹചന്തയുടെ ലക്ഷ്യം. രാവിലെ 9 മണി മുതൽ 11 മണി വരെ പ്രവർത്തിക്കുന്ന സ്നേഹചന്തയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവംഗം അഡ്വ. കള്ളിക്കാട് ചന്ദ്രനും ഭക്ഷ്യവിതരണ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്തംഗം വി. രാധിക ടീച്ചറും നിർവഹിച്ചു. വെള്ളറട മണ്ഡലം സെക്രട്ടറിയും ജനസംസ്കൃതി പ്രസിഡന്റുമായ കള്ളിക്കാട് ഗോപൻ, കള്ളിക്കാട് ലോക്കൽ കമ്മിറ്റിയംഗങ്ങളായ എസ്. രജീന്ദ്രൻ, എൽ. സാനുമതി, എസ്. ഷൈജു, ആർ. മഹേഷ്, ബി. സുരേന്ദ്രനാഥ്, ടി. സുകു, എ.ഐ.വൈ.എഫ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.