kallar

വിതുര: പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലകളിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച ശക്തമായ മഴ വെള്ളിയാഴ്ച പുലർച്ചവരെ നീണ്ടുനിന്നു. കനത്ത മഴ ദീ‍ർഘനേരം പെയ്തതോടെ വനത്തിൽ നിന്ന് അതിശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. മരങ്ങളും പാറകളും വരെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി. കല്ലാർ നദിയിൽ വെള്ളപ്പൊക്കമുണ്ടാവുകയും നദി മണിക്കൂറുകളോളം ഗതിമാറി ഒഴുകുകയും ചെയ്തു. മലവെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് വാമനപുരം നദിയുടെ തീരപ്രദേശങ്ങൾ വ്യാപകമായി ഇടിയുകയും ഏക്കർ കണക്കിന് കൃഷിഭൂമി ഒലിച്ചുപോവുകയും ചെയ്തു. ഇതോടെ നദിയുടെ തീരപ്രദേശത്ത് കഴിയുന്നവർ ഭീതിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും വ്യാപകമായി കൃഷിനാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. ഡാമുകളിലെ ജലനിരപ്പും ഗണ്യമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്ന് വിതുര മണലിയിൽ നിർമ്മിച്ചുകൊണ്ടിരുന്ന പാലം തകരുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. വാമനപുരം നദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്.

പൊൻമുടിയിൽ മണ്ണിടിച്ചിൽ

കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പൊൻമുടി മുതൽ ഗോൾഡൻവാലി വരെയുള്ള ഒൻപത് ഭാഗങ്ങളിൽ റോഡിലേക്ക് മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴ മണിക്കൂറുകൾ തുടർന്നതോടെ വനത്തിൽ നിന്ന് ശക്തമായ വെള്ളപ്പാച്ചിലാണ് ഉണ്ടായത്. മരങ്ങളും പാറകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയതോടെ പൊൻമുടിയിൽ ഉരുൾപ്പൊട്ടിയെന്ന വാർത്ത കിംവദന്തി പരന്നിരുന്നു. അഞ്ച് ദിവസം മുൻപ് ഇവിടെ ശക്തമായ മഴയിൽ പൊൻമുടി പതിനൊന്നാം വളവിന് സമീപം റോഡ് തകർന്നിരുന്നു. ഇതേതുടർ‌ന്ന് പൊൻമുടിയിലേക്കുള്ള ഗതാഗതം കളക്ടർ താത്കാലികമായി നിരോധിച്ചിട്ടുണ്ട്. മഴ കനത്തതോടെ പൊൻമുടി എസ്റ്റേറ്റിലെ ലയങ്ങൾക്കും കേടുപാടുണ്ടായി. ആദിവാസിമേഖലകളിലും വീടുകൾ തകരുകയും കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്.

ഒഴുകിയെത്തിയ മരം പാലത്തിൽ

തടഞ്ഞ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ചെറ്റച്ചൽ സൂര്യകാന്തി പാലത്തിന് കുറുകെ മരം വന്നടിയുകയും ചെറ്റച്ചൽ-സൂര്യകാന്തി-തെന്നൂർ-പാലോട് റൂട്ടിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇന്നലെ രാവിലെ വിതുര ഫയർ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ശക്തമായ മഴയെ തുടർന്ന് ചെറ്റച്ചൽ പാലം വെള്ളത്തിൽ മുങ്ങിയിരുന്നു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിതുര പൊന്നാംചുണ്ട് പാലവും മണിക്കൂറുകളോളം വെള്ളത്തിനിടിയിലാവുകയും തെന്നൂർ-പെരിങ്ങമ്മല-പാലോട് റൂട്ടിൽ ഗതാഗത തടസം നേരിടുകയും ചെയ്തു.

 ഫോട്ടോ ക്യാപ്ഷൻ

1- കല്ലാർ നദിയിലുണ്ടായ വെള്ളപ്പൊക്കം

2- മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിതുര ചെറ്റച്ചൽ സൂര്യകാന്തി പാലത്തിൽ വന്നടിഞ്ഞ മരം വിതുര ഫയർഫോഴ്സ് മുറിച്ചുമാറ്റുന്നു