poster

പുതുച്ചേരി: എൻ. രംഗസ്വാമിയുടെ നേതൃത്വത്തിൽ പുതുച്ചേരിയിൽ എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരുമെല്ലാം പഴയ കോൺഗ്രസുകാർ. ചുരുക്കി പറഞ്ഞാൽ മുൻ കോൺഗ്രസുകാരുടെ മന്ത്രിസഭ എന്നു പറയാം. പുതിയ മന്ത്രിമാരായ എ. നമശ്ശിവായവും, ജോൺ കുമാറും ലക്ഷ്മീ നാരായണനും കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അവസാന നിമിഷം വരെ കോൺഗ്രസുകാരായിരുന്നു. പുതിയ മന്ത്രിമാരായ തേനി ജയകുമാറും, തിരുമുരുകനും, 2016 വരെ കോൺഗ്രസുകാരായിരുന്നു. മുഖ്യമന്ത്രി എൻ. രംഗസാമിയും മന്ത്രി രാജവേലുവും 2011 വരെ കോൺഗ്രസുകാരായിരുന്നു. സ്പീക്കർ ഏമ്പലം ശെൽവത്തിന് പ്രത്യക്ഷത്തിൽ കോൺഗ്രസ് ബന്ധമില്ലെങ്കിലും കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ എൻ.ആർ. കോൺഗ്രസുമായി ബന്ധമുണ്ട്. ഡി.എം.കെ.യുടെ പ്രതാപകാലത്ത് മുൻ മുഖ്യമന്ത്രി ജാനകി രാമന്റെ മകൻ രമേഷിന്റെ ഉടമസ്ഥതയിലുള്ള സൺ ഹോട്ടൽ മാനേജരായിരുന്ന ഇദ്ദേഹം 2015ൽ എൻ.ആർ. കോൺഗ്രസിൽ ചേർന്നു. അവിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് 2016ൽ ബി.ജെ.പിയിലേക്ക് ചുവട് മാറ്റി. കോൺഗ്രസിന് കേന്ദ്ര ഭരണാധികാര പിന്തുണയും ദേശീയ തലത്തിൽ ഉറച്ച നേതൃത്വമില്ലാത്തതുമാണ് പുതുച്ചേരി രാഷ്ട്രീയത്തിൽ ഘട്ടം ഘട്ടമായി ദ്രാവിഡ കക്ഷികളെ പിന്നിലാക്കി മുൻപന്തിയിൽ എത്താൻ കഴിഞ്ഞ സാഹചര്യം നിലനിർത്താൻ കഴിയാതെ വരുന്നത്. ഡി.എം.കെയ്ക്ക് സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട് ഭരണം ലഭിച്ചതും എ.ഐ.എ.ഡി.എം.കെ. ദുർബലമായതുമാണ് പുതുച്ചേരിയിൽ ദ്രാവിഡ രാഷ്ട്രീയം ശക്തി പ്രാപിക്കാൻ സാധ്യത തെളിഞ്ഞത്. ദീർഘകാല ഭരണകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റ് മാത്രം ലഭിച്ചപ്പോൾ ഡി.എം.കെയ്ക്ക് ആറ് സീറ്റ് ലഭിച്ചിട്ടുണ്ട്.