നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയെക്കുറിച്ച് 2018 ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ജ്യോതിഷികൾ സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ആചാര്യൻ കണ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ ദേവപ്രശ്നത്തിലാണ് ക്ഷേത്രത്തിൽ അഗ്നിദോഷമുണ്ടാകുമെന്ന് സൂചിപ്പിച്ചത്.
ദേവിയുടെ സ്വത്തുവകകൾ മോഷ്ടിക്കപ്പെടുന്നതായും സമർപ്പിക്കുന്ന നിവേദ്യം പൂർണമായും ലഭിക്കുന്നില്ലെന്നും അതിനാൽ പരിഹാര പൂജകൾ ചെയ്തില്ലെങ്കിൽ ക്ഷേത്രത്തിൽ അഗ്നിബാധ പോലുള്ള അനിഷ്ടങ്ങൾ സംഭവിക്കുമെന്നുമാണ് ദേവപ്രശ്നത്തിൽ തെളിഞ്ഞത്. ഗണപതി ഉൾപ്പെടെയുള്ള ഉപദേവതകളെ മാറ്റി സ്ഥാപിച്ചതും കൊടിമരം ഉൾപ്പെടെയുള്ളവ സ്ഥാപിച്ചതും ദൈവഹിതം നോക്കാതെ ആയിരുന്നെന്നും കണ്ടെത്തിയിരുന്നു.
ഭക്തർ സമർപ്പിക്കുന്ന നിവേദ്യത്തിലും പൂജാകർമ്മങ്ങളിലും മാറ്റം വരുത്തിയത് തിരുത്തി ക്രമപ്പെടുത്തണമെന്നും പ്രശ്നവിധിയിലുണ്ടായിരുന്നു. എന്നാൽ, ദേവസ്വം അധികൃതരുടെ അനാസ്ഥ കാരണം പരിഹാര പൂജകൾ ചെയ്തില്ല. അതിനാൽ ഉടൻ തന്നെ ദേവപ്രശ്നം നടത്തി പരിഹാര കർമ്മങ്ങൾ ചെയ്യണമെന്ന് ഭക്തർ ആവശ്യപ്പെടുന്നു.
ബുധനാഴ്ച് രാവിലെയാണ് ക്ഷേത്രത്തിൽ തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും കെടുത്തി. ജില്ലാ കളക്ടർ അരവിന്ദിന്റെ നിർദ്ദേശപ്രകാരം അന്ന് വൈകുന്നേരത്തോടെ തന്നെ ടാർപോളിൻ കൊണ്ട് ക്ഷേത്ര മേൽക്കൂര മറച്ച് അടുത്ത ദിവസം നട തുറക്കുകയും ചെയ്തിരുന്നു.