member

പെരുമ്പാവൂർ: മഹാമാരിയിൽ ജനോപകാരപ്രവർത്തനങ്ങളിലൂടെ മാതൃകയാകുകയാണ് ഒക്കൽ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബിനിത സജീവൻ. ജനങ്ങൾക്കായി ഓൺലൈൻ സർവീസ് ലഭ്യമാകുന്ന വിധത്തിൽ വീടിനോട് ചേർന്ന് പ്രത്യേക ഓഫീസ് തുറന്ന് ജനസേവനം വിപുലവും മാതൃകാപരവുമാക്കിയിരിക്കുകയാണ് ഈ വനിതാ മെമ്പർ. പഞ്ചായത്തിലെ ടാക്‌സ്, വിവാഹം, മരണം, ഓണർഷിപ്പ് അതുപോലെ നിരവധി സർട്ടിഫിക്കറ്റുകൾ ഇവിടെ നിന്ന് അപേക്ഷിക്കാനും കോപ്പി എടുക്കാനും കഴിയും. കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ വാർഡിലെ അംഗങ്ങൾക്ക് തികച്ചും സൗജന്യമായാണ് ചെയ്ത് നൽകുന്നത്. കറണ്ട് ബില്ല്, വാട്ടർ ബില്ല് , ഫോൺ ബില്ലുകൾ, ഇൻഷുറൻസ് തുടങ്ങിയ പലവിധ സേവനങ്ങളും ഇവിടെ നൽകും. മെമ്പർ മാത്രമല്ല കുടുംബാംഗങ്ങളും സേവനസന്നദ്ധരാണ്. കൊവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ മകനാണ് ചെയ്ത് നൽകുന്നത്. പഞ്ചായത്തിൽ പോകുന്നതിന് രണ്ട് ബസ് കയറി പോകണം. ഈ ഓഫീസ് വളരെ ഉപകാരം ആണെന്ന് വാർഡിലെ അംഗങ്ങൾ പറയുന്നു. ഏതു ബാങ്ക് അക്കൗണ്ട് ആണെങ്കിലും ഒരു ദിവസം ആധാർ കാർഡും വിരലടയാളവും വെച്ച് പതിനായിരവും എ.ടി.എം ആണെങ്കിൽ 25000 രൂപ വരെ പിൻവലിക്കാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏതു ബാങ്കിലേക്കും ക്യാഷ് ഡിപ്പോസിറ്റ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.