kk

ബഡ്‌‌ജറ്റിൽ കവിത ഉൾപ്പെടുത്തുന്നതിനൊപ്പം നികുതി കൂട്ടുകയും കൂടി ചെയ്യുന്നതാണ് സാധാരണ പതിവ് രീതി. നികുതി ഉയരുമ്പോൾ കവിത ആസ്വദിക്കാൻ ആർക്കും തോന്നില്ല. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2021 - 22 വർഷത്തെ പുതുക്കിയ ബഡ്‌ജറ്റിൽ കവിതയുമില്ല നികുതി വർദ്ധനവുമില്ല. കൊവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിഞ്ഞ് നിൽക്കുന്ന ജനങ്ങൾക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. ഇതേ കാലയളവിലേക്കുള്ള സമഗ്രമായ ബഡ്‌ജറ്റ് ജനുവരിയിൽ മുൻ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയാകുമ്പോഴും പുതുക്കിയ ബഡ്‌ജറ്റ് വ്യത്യസ്തമാണ്. ഒരു മണിക്കൂർ കൊണ്ട് കാര്യമാത്രപ്രസക്തമായ കാര്യങ്ങളിൽ മാത്രം സ്പർശിച്ച് ബഡ്‌ജറ്റ് പ്രസംഗം പൂർത്തീകരിച്ചു എന്നതാണ് ബാഹ്യതലത്തിൽ വലിയ വ്യത്യസ്തത. മറ്റൊന്ന് കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ ബഡ്‌ജറ്റിൽ മൗലികമായ മാറ്റങ്ങൾ വരുത്തി എന്നതാണ്. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷതയോടെ നിലനിൽക്കുകയും മൂന്നാം വരവിന്റെ ആശങ്ക ഉയരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയ്ക്ക് തന്നെയാണ് ബഡ്‌ജറ്റിൽ പ്രധാന ഊന്നൽ നൽകിയിരിക്കുന്നത്.

രണ്ടാം കൊവിഡ് പാക്കേജായി 20,000 കോടി അനുവദിച്ചു. ഇതിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടിയും വായ്‌പയും പലിശ സബ്‌സിഡിയുമായി 8900 കോടിയും കൊവിഡ് കാലത്ത് ഉപജീവനം പ്രതിസന്ധിയിലായവർക്ക് പണമായി നേരിട്ട് നൽകുന്നതിന് 8900 കോടിയും ഉൾപ്പെടുന്നു. കൊവിഡ് കാലത്ത് കൂലിപ്പണിക്കാരന്റെയും തട്ടുകടക്കാരന്റെയും ഓട്ടോ ഓടിക്കുന്നവരുടെയും ലോട്ടറി വിൽക്കുന്നവരുടെയും മറ്റും കാര്യം പരമ കഷ്ടമാണ്. അവർക്ക് പണം നേരിട്ട് കിട്ടുന്നതിനോളം പ്രയോജനം മറ്റൊരു പദ്ധതി പ്രഖ്യാപനത്തിനും നൽകാനാവില്ല. ധനമന്ത്രി അതിന് തയ്യാറായത് ഈ ബഡ്‌ജറ്റിന് പുതിയ മാനവിക മുഖം ലഭിക്കാൻ ഇടയാക്കി. രാജ്യം വികസിച്ച് കഴിഞ്ഞതിനുശേഷം എല്ലാവരുടെയും സാമ്പത്തിക നില ഉയരും എന്ന് പറഞ്ഞതുകൊണ്ട് ഇപ്പോൾ ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് എന്ത് പ്രയോജനം? ക്ഷേമ പെൻഷനുകളും മറ്റും തുക കുറവാണെങ്കിലും സമയത്ത് നൽകിയതിനാലാണ് പിണറായി വിജയൻ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന ആദ്യ മുഖ്യമന്ത്രിയായത് എന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് ഉപജീവനം മുട്ടിയവർക്ക് നേരിട്ട് പണം നൽകാനുള്ള തീരുമാനം.

കേരളം പ്രധാനമായും രണ്ട് വെല്ലുവിളികളാണ് നേരിടുന്നതെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ കുറഞ്ഞ് നിൽക്കുന്ന മൂലധന നിക്ഷേപം ഉയർത്തി എങ്ങനെ സാമ്പത്തിക വളർച്ച സൃഷ്ടിക്കാം എന്നതാണ് ആദ്യ വെല്ലുവിളി. കിഫ്‌ബി വഴിയുള്ള നിക്ഷേപത്തിലൂടെ ഇതിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നാണ് മുൻഗാമിയുടെ വഴി പിന്തുടർന്നുകൊണ്ട് പുതിയ മന്ത്രിയും പറഞ്ഞത്.

ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയും യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലിന്റെ ദൗർലഭ്യവുമാണ് രണ്ടാമത്തെ വെല്ലുവിളി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തി വിവര സാങ്കേതിക മേഖലയുമായി ബന്ധിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് പറയുന്നത്. സർക്കാർ മാത്രം വിചാരിച്ചാൽ കൂടുന്നതല്ല തൊഴിലവസരങ്ങൾ. കൂടുതൽ മികവ് പുലർത്തുന്നവർ സ്വന്തം നിലയിലുള്ള ജോലികളിലേക്കാണ് ഇപ്പോൾ തിരിയുന്നത്. അത്തരം സംരംഭങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും പരമാവധി പ്രോത്സാഹനം നൽകിയാൽ മാത്രമേ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകൂ. കേരളത്തിൽ നിന്ന് പോയി ലോകത്തിലെ വിവിധ രംഗങ്ങളിൽ തലപ്പത്തിരിക്കുന്ന നിരവധി പ്രമുഖരുണ്ട്. ഇവരിൽ ചിലരെയെങ്കിലും തിരിച്ചുകൊണ്ടുവന്ന് പുതിയ മേഖലകൾ തുറക്കാനുള്ള സാഹചര്യവും സർക്കാർ സൃഷ്ടിക്കണം. തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് അതിലൂടെ ഒരു വലിയ പരിധി വരെ നേരിടാനാവും. അടുത്ത ബഡ്‌ജറ്റിൽ ഇക്കാര്യത്തിനും ധനമന്ത്രി ഇടം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കേന്ദ്രത്തിന്റെ വാക്‌സിൻ പോളിസിയും ജി.എസ്.ടി നഷ്ടപരിഹാരം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം സമയത്ത് അനുവദിക്കാത്തത് കേരളത്തെ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നത് വസ്തുത തന്നെയാണ്.

സൗജന്യ വാക്‌സിൻ നൽകുന്നതിനായി 1000 കോടിയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടിയും വകയിരുത്തിയതും പൗരന്മാരുടെ ആരോഗ്യം എന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ പിന്മാറുന്നില്ല എന്നതിന് നിദർശനമാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1000 കോടിയുടെ ബാങ്ക് വായ്‌പ ലഭ്യമാക്കാൻ നടപടി എടുക്കുമെന്ന് പറഞ്ഞതും ഇതിൽ തന്നെ 5 ലക്ഷം രൂപ വരെയുള്ള വായ്പയെല്ലാം 4 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നതും ഒട്ടേറെപ്പേർക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇത്തരം വായ്‌പാ പദ്ധതികളുടെ പലിശ ഇളവ് വഹിക്കുന്നതിനായി 100 കോടിയും ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

തീരദേശത്തെ ദുരിതാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കെല്ലാമായി 11,000 കോടിയുടെ വികസന പദ്ധതികൾ നാല് വർഷം കൊണ്ട് നടപ്പിലാക്കുമെന്ന് പറഞ്ഞതും ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ സ്വാഗതാർഹമാണ്.

തകർന്നുകിടക്കുന്ന കാർഷിക മേഖലയെ പരിഗണിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പുനരുജ്ജീവനത്തിനായി നീക്കിവച്ചിട്ടുള്ള തുകകൾ തുലോം അപര്യാപ്തമാണ്.

പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് 1000 കോടി വായ്‌പ, രണ്ട് ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്‌‌‌ടോപ്പ് നൽകുക, ടൂറിസം മേഖലയ്ക്ക് 400 കോടിയുടെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പ ലഭ്യമാക്കുക, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി , റബർ കർഷകർക്ക് കുടിശിക കൊടുക്കാനായി 50 കോടി വകയിരുത്തുക തുടങ്ങി ഒട്ടേറെ നല്ല കാര്യങ്ങൾ കന്നി ബഡ്‌ജറ്റിൽ ധനമന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവെ വികസനത്തത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകിയ ഈ ബഡ്‌ജറ്റ് സംസ്ഥാനത്തെ

പുതിയ ഉയരങ്ങളിൽ എത്തിക്കുന്നതിന്റെ ശുഭകരമായ തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.