നെയ്യാറ്റിൻകര: കൊവിഡ് കാരണം ജനം വലയുമ്പോൾ ജനങ്ങൾക്കുമേൽ ഇടിത്തീയായി പച്ചക്കറി വിലയും ഉയരുന്നു. ലോക്ക് ഡോൺ വന്നതോടെ ജനം കൂടുതലും പച്ചക്കറിയെ ആശ്രയിക്കുമെന്നിരിക്കെ വില ഉയരാൻ തുടങ്ങുന്നത് ആശങ്കയ്ക്ക് വകവെയ്ക്കുകയാണ്. കഴിഞ്ഞ വർഷവും ലോക്ക് ഡൗൺ തുടങ്ങി ദിവസങ്ങൾ കഴിയും തോറും പച്ചക്കറി വില വർദ്ധിച്ചുകൊണ്ടിരുന്നു. വറുതിയുടെ ഈ കാലത്തിൽ വില വർദ്ധിക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്നത് ഉറപ്പാണ്.
നഗരസഭാ പരിധിയിലെ കളത്തറയ്ക്കൽ, രാമേശ്വരം, ഇരുമ്പിൽ, ചായ്ക്കോട്ടുകോണം എന്നിവിടങ്ങളിലും വെങ്ങാനൂർ, കല്ലിയൂർ, കോട്ടുകാൽ, ബാലരാമപുരം പഞ്ചായത്ത് പ്രദേശങ്ങളിലെയും ഏലാകളിൽ പച്ചക്കറി കൃഷിയാണ് കൂടുതലുളളത്. ഇവിടങ്ങളിലെ പച്ചക്കറിയിനങ്ങൾ കൂടുതലായും തൊട്ടടുത്ത ചന്തകളിലും നഗരത്തിലെ പച്ചക്കറികടകളിലുമെത്തിച്ചാണ് വിപണനം നടത്തിയിരുന്നത്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം തളർത്തിയ വിപണമേഖല ഒരു പരിധിവരെ തലയുയർത്തി വരുന്നതിനിടെയാണ് വീണ്ടും കൊവിഡ് രണ്ടാം തരങ്കം എത്തുന്നത്.
ജില്ലയിൽ ഭൂരിഭാഗം പച്ചക്കറി വ്യാപാരികളും കൂടുതലായി ആശ്രയിക്കുന്നത് തമിഴ്നാട്ടിൽ നിന്നുമെത്തിക്കുന്ന പച്ചക്കറികളെയാണ്. നാട്ടുമ്പുറത്ത് കൃഷിയിടങ്ങളിലെ പച്ചക്കറിയേക്കാൾ വിലകുറവാണ് എന്നുളളത് തന്നെയാണ് വരവ് പച്ചക്കറികളോടുളള ആഭിമുഖ്യത്തിന് കാരണം. തമിഴ്നാട് അടക്കമുളള സംസ്ഥാനങ്ങളിലെ മഴക്കെടുതിയും കൊവിഡ് പ്രതിസന്ധികാരണമുളള പച്ചക്കറി ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്.
പ്രതിസന്ധിയിലായി കർഷകർ
നെയ്യാറ്റിൻകരയിലും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ഏക്കറ് കണക്കിന് ഏലാകളിൽ പച്ചക്കറി കർഷി ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ഭൂരിഭാഗം കൃഷിയും നശിച്ചു. കാലവർഷ വ്യതിയാനവും അതൊടൊപ്പമുണ്ടായ കൊടുങ്കാറ്റും പച്ചക്കറികൃഷിക്ക് വൻതിരിച്ചടിയാവുകയായിരുന്നു. ഇതോടെ പാട്ടത്തിനെടുത്ത ഭൂമികളിൽ വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ നൂറുകണക്കിന് വരുന്ന കർഷകരും സാമ്പത്തിക പ്രതിസന്ധിയിലായി.
പല പച്ചക്കറികൾക്കും വില വർദ്ധിക്കുമ്പോൾ ചുരുക്കം ചില പച്ചക്കറികൾക്ക് വില മുൻ വർഷത്തെക്കാൾ കുറവാണ്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺകാലത്തെയും ഈ വർഷത്തെയും പച്ചക്കറിവില ചുവടെ,
വില കൂടിയ പച്ചക്കറികൾ
പച്ചക്കറി.................... നിലവിലെ വില.......... മുൻവർഷം
വെണ്ടയ്ക്ക-42.. ........35
വെളളരി-46.......... ..... 30
വഴുതന-52........ ......45
ബീറ്റ്റൂട്ട്-35......... .....25
ബീൻസ്-75....... ... 50
കാരറ്റ്-42...... ......25
ചേമ്പ്.......... 34........ .... 30
പാവയ്ക്ക..........64..... ...50
ചേന..........28.. ....23
വില കുറവുള്ള പച്ചക്കറികൾ
ഇഞ്ചി............ 46......76
തക്കാളി........20..........50
മുരിങ്ങയ്ക്ക............22........57
മത്തൻ........12..........22
മുമ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഹോർട്ട് കോർപ്പ് പച്ചക്കറി ചന്തകൾ തുടങ്ങിയെങ്കിലും ഭൂരിഭാഗവും അടഞ്ഞു. ചുരുങ്ങിയ ഇടങ്ങളിൽ സപ്ലൈകോയുടെ നീതി സ്റ്റോറുകൾ വഴിയും പച്ചക്കറി ചന്ത പ്രവർത്തിക്കുന്നുണ്ട്. മുമ്പുണ്ടായിരുന്ന തരത്തിൽ സർക്കാർ സംവിധാനത്തിൽ പച്ചക്കറി ചന്തകൾ ആരംഭിക്കണം. ഒപ്പം
പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർതലത്തിൽ ഇടപെടലുണ്ടാകണം.
- പ്രഭാകരൻ, പച്ചക്കറി കടയുടമ, നെയ്യാറ്റിൻകര