തിരുവനന്തപുരം: നട്ടെല്ല് തകർന്ന വ്യാപാരമേഖലയെ വാക്കുകൊണ്ടുപോലും ആശ്വസിപ്പിക്കാൻ ധനമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് സംസ്ഥാന ഭാരവാഹികളായ ടി. എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടിഹാജി, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ് എന്നിവർ പറഞ്ഞു.
വ്യാപാര മേഖലയെ മാത്രം ഒഴിച്ചു നിറുത്തി മറ്റെല്ലാ മേഖലകൾക്കും 4 ശതമാനം പലിശയ്ക്ക് വായ്പ നൽകുമെന്ന് വ്യക്തമാക്കുന്നത് അവഗണനയുടെ ആഴം സൂചിപ്പിക്കുന്നു. 8,300 കോടി രൂപ പലിശ സബ്സിഡിക്കായി നീക്കി വയ്ക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപാരികളെ മാത്രം ഉൾപ്പെടുത്താത്തത് കടുത്ത അനീതിയാണെന്നും നേതാക്കൾ പറഞ്ഞു.
സമതുലിത ബഡ്‌ജറ്റ്: മലബാർ ചേംബർ
കോഴിക്കോട്: പ്രത്യേക പരിഗണന അർഹിക്കുന്ന മേഖലകൾക്ക് അധികതുക അനുവദിച്ചുള്ള സമതുലിത ബഡ്‌ജറ്റാണിതെന്ന് മലബാർ ചേംബർ ഒഫ് കോമേഴ്സ് വിലയിരുത്തി.
ടൂറിസം മേഖലയിൽ മാർക്കറ്റിംഗിനായി 50 കോടി രൂപ കൂടുതൽ അനുവദിച്ചത് നന്നായി. മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട് അനുവദിച്ചതും കോസ്റ്റൽ ഹൈവേയുടെ നിർമ്മാണം മുൻഗണനാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചതും ഉചിതമായി. വാണിജ്യാവശ്യങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കാനുള്ള നടപടി തളർന്നുകിടക്കുന്ന മേഖലയ്ക്ക് ഊർജ്ജം പകരുമെന്നും ചേംബർ പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ് പറഞ്ഞു.