വായ്‌പ, പലിശ സബ്സിഡികൾക്ക് 8300 കോടി
തീരമേഖലയ്ക്കായി 5300 കോടിയുടെ പാക്കേജ്
സൗജന്യ വാക്സിന് 1000 കോടി ചെലവിടും
വാക്സിൻ ഗവേഷണത്തിന് പദ്ധതി
തിരുവനന്തപുരം: ഇരുപതിനായിരം കോടിയുടെ കൊവിഡ് കരുതൽ പാക്കേജും കുറഞ്ഞ പലിശയിൽ വായ്‌പാ പദ്ധതികളും ക്ഷേമാനുകൂല്യ നിർദ്ദേശങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ആശ്വാസത്തിന്റെ 'സെക്കൻഡ് ഡോസ്.' കൊവിഡ് പ്രതിസന്ധിയിൽ പുതിയ നികുതികൾ വേണ്ടെന്നുവച്ച ബഡ്ജറ്റിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതികൾക്കാണ് മുൻഗണന.
ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച 20,000 കോടിയുടെ കൊവിഡ് പാക്കേജിന്റെ തുടർച്ചയായാണ് അത്രതന്നെ തുകയുടെ ആശ്വാസ പദ്ധതികൾ ഉൾക്കൊള്ളുന്ന രണ്ടാം പാക്കേജ്. കാർഷിക, വ്യവസായ, വാണിജ്യ മേഖലകൾക്ക് ഉണർവേകി സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാൻ വായ്പകൾക്കും പലിശ സബ്സിഡിക്കുമായി 8,300 കോടിയാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ നീക്കിവച്ചത്.
ഉപജീവനം പ്രതിസന്ധിയിലായവർക്ക് പണമായി നൽകാൻ 8,900 കോടി വകയിരുത്തി. വായ്പയിൽ 1,000 കോടി കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കാണ്. വീട്ടമ്മമാർക്കായി സ്‌മാർട്ട് കിച്ചൺ പദ്ധതിക്ക് അഞ്ച് കോടി. തീരദേശ മേഖലയ്‌ക്കായി 5,300 കോടിയുടെ മറ്റൊരു പാക്കേജും.
കൊവിഡ് പാക്കേജിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി വകയിരുത്തി. അതിൽ 1000 കോടിയും സൗജന്യ വാക്സിൻ വാങ്ങാനാണ്. ഉപകരണങ്ങൾ വാങ്ങാൻ 500 കോടി. 150 ടൺ ശേഷിയുളള ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനും വാക്സിൻ നിർമ്മാണ സാദ്ധ്യത തേടാനും നിർദ്ദേശം. കൊവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കുള്ള പദ്ധതിക്ക് അഞ്ചു കോടിയുണ്ട്. റബ്ബർ സബ്സിഡി തീർക്കാൻ 50 കോടി. കുടുംബശ്രീക്ക് 1000 കോടി. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്‌ക്ക് 10 കോടി വകയിരുത്തിയിട്ടുണ്ട്.
കെ.ആർ. ഗൗരി അമ്മയുടെയും ആർ. ബാലകൃഷ്ണ പിള്ളയുടെയും സ്മാരകങ്ങൾക്ക് രണ്ടു കോടി വീതം. മാർത്തോമ്മാ സഭാ മുൻ അദ്ധ്യക്ഷൻ, അന്തരിച്ച മാർ ക്രിസോസ്റ്റത്തിന്റെ പേരിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ ചെയർ സ്ഥാപിക്കാൻ 50 ലക്ഷം. കവിതയും സാഹിത്യവും മഹദ് വചനങ്ങളുമില്ലാതെ നേരിട്ട് കാര്യങ്ങൾ പറഞ്ഞ ബഡ്ജറ്റ് പ്രസംഗം ധനമന്ത്രി ഒരു മണിക്കൂറിൽ അവസാനിപ്പിച്ചു.
സമ്പൂർണ കരുതൽ, സമഗ്ര ക്ഷേമം
കാർഷിക മേഖലയിൽ 2000 കോടിയുടെ നബാർഡ് വായ്പ
പുതിയ സംരംഭങ്ങൾക്കും പുനരുജ്ജീവനത്തിനും 1600 കോടി വായ്പ
എം.എസ്.എം.ഇ.കൾക്ക് വായ്പയ്ക്കായി 2000 കോടി. പലിശ ഇളവിന് 50 കോടി
ടൂറിസം, ചെറുകിട വ്യവസായ മേഖലകൾക്ക് അധിക വായ്പയ്ക്ക് 500 കോടി
മലബാർ ലിറ്റററി സർക്യൂട്ടിനും ജൈവവൈവിദ്ധ്യ സർക്യൂട്ടിനും 50 കോടി
കൊല്ലത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ടൂറിസം സർക്യൂട്ട്
പട്ടിക ജാതി- പട്ടിക വർഗ്ഗ സംരംഭകർക്ക് കുറഞ്ഞ പലിശയിൽ 10 കോടി വായ്പ
പ്രവാസി പുനരധിവാസത്തിന് 1000 കോടി വായ്പ. പലിശ ഇളവിന് 25 കോടി
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും വാങ്ങാൻ വായ്പ 200 കോടി.
കെ.എസ്.ആർ.ടി.സിക്ക് പത്ത് ഹൈഡ്രജൻ ബസുകൾ വാങ്ങാൻ10 കോടി
വരവും ചെലവും
വരവ്: 1,30,981.06 കോടി.
ചെലവ്: 1,47,891.18കോടി.
റവന്യൂ കമ്മി: 16,910.12കോടി.
കാടിളക്കാതെ, ബഡ്ജറ്റ് പ്രസംഗം
തിരുവനന്തപുരം:കുറച്ചു വാക്കുകളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം പരാമർശിച്ചായിരുന്നു
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കന്നി ബഡ്ജറ്റ് അവതരണം. അതിനു വേണ്ടി വന്നത് ഒരു മണിക്കൂർ, ഒരു മിനിട്ട് മാത്രം. കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിന്റെ തുടർച്ചയായതിനാൽ
പുതുക്കിയ നിർദ്ദേശങ്ങൾക്കായിരുന്നു ഊന്നൽ. പൊടിപ്പും തൊങ്ങലും ഒഴിവാക്കി ഉദ്ധരണികളും കവിതാ ശകലങ്ങളും ഇല്ലാതെയായിരുന്നു പ്രസംഗം.ബഡ്ജറ്റ് തയ്യാറാക്കാൻ മുൻഗാമികളെപ്പോലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പുതിയ ധനമന്ത്രി പോയില്ല.
സ്‌മാർട്ട് കിച്ചണ് 5 കോടി
തിരുവനന്തപുരം: വീട്ടമ്മമാരുടെ ഗാർഹിക ജോലിയുടെ കാഠിന്യം കുറയ്ക്കാൻ നടപ്പാക്കുന്ന സ്‌മാർട്ട് കിച്ചൺ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് അഞ്ച് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. അടുക്കള ഇല്ലാത്തവർക്ക് പുതിയ അടുക്കള പണിയാനും പഴയ അടുക്കള നവീകരിക്കാനും കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുകയും
വീട്ടുപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതി കെ.എസ്.എഫ്.ഇയുമായി ചേർന്നാണ് നടപ്പാക്കുന്നത്.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക, വീട്ടുജോലി ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യം. വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, റഫ്രിജറേറ്റർ തുടങ്ങിയവ പലിശ കൂടാതെ തവണ വ്യവസ്ഥയിൽ നൽകും.
കൊവിഡ് ലോക്ക് ഡൗണിൽ എല്ലാ മേഖലയും അടഞ്ഞുകിടക്കുമ്പോൾ ആർക്കും നികുതി നൽകാൻ കഴിയാത്തത് കൊണ്ടാണ് ബഡ്ജറ്റിൽ പുതിയ നികുതി ഏർപ്പെടുത്താതിരുന്നത്. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ