1

തിരുവനന്തപുരം: ആറാം ക്ളാസുകാർക്കായി അതേ ക്ലാസിൽ പഠിക്കുന്ന കുട്ടി തന്നെ യൂട്യൂബ് ചാനലിലൂടെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതറിഞ്ഞപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ഒരാഗ്രഹം 'ആ കുട്ടിടീച്ചറെ കണ്ട് അനുമോദിക്കണം". തുടർന്നാണ് 'ഉമക്കുട്ടി" എന്ന യൂട്യൂബ് ചാനലിലൂടെ സ്വന്തം പാഠഭാഗങ്ങളുമായി ടീച്ചറാകുന്ന കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിയും കേരളകൗമുദിയിലെ കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെ മകളുമായ ഉമയെ കാണാൻ മന്ത്രി ഇന്നലെയെത്തിയത്. തിരുവനന്തപുരം തിരുമല പെരുകാവിലെ 'മൽഹാറി"ലെത്തിയ മന്ത്രിയോട് തന്റെ യൂട്യൂബ് ചാനലിനെക്കുറിച്ചും പ്രവർത്തനരീതിയെക്കുറിച്ചും ഉമ വിവരിച്ചു.

വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ടാണ് ഉമ പാഠങ്ങൾ പഠിക്കുന്നത്. അതിനുശേഷം സ്വയം അദ്ധ്യാപികയാകും. ഉമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്‌ മന്ത്രി പറഞ്ഞു. യൂട്യൂബ് ചാനൽ വരുമാനത്തിന്റെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉമ മന്ത്രിക്ക് കൈമാറി. ചാനലിൽ ടീച്ചറായി ഉമയ്‌ക്കൊപ്പം അമ്മ അഡ്വ. നമിതയുമുണ്ട്. അച്ഛൻ ടി.കെ.സുജിത്തും സഹോദരൻ അമലുമാണ് സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നത്.