മലയിൻകീഴ്: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് ചികിത്സയ്ക്കെന്ന പേരിൽ പണം ആവശ്യപ്പെടുന്നതായി പരാതി. കഴിഞ്ഞ ദിവസം മലയിൻകീഴിലെ വ്യാപാരിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് കൂട്ടുകാരിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. ഉത്തർപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ സംഘമാണ് ഇതിന് പിന്നിലെന്ന് പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പല സുഹൃത്തുക്കളോടും പണം ചോദിച്ചപ്പോഴാണ് വ്യാപാരി ഇക്കാര്യം അറിയുന്നത്. ഫേസ്ബുക്ക് ഹാക്ക് ചെയ്‌ത് വിവരങ്ങളെല്ലാം ശേഖരിച്ചശേഷം വ്യാപാരിയുടെ ഭാര്യയോടൊപ്പമുള്ള ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കുകയും ചെയ്‌തിട്ടുണ്ട്. വിവരമറിഞ്ഞ വ്യാപാരി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി സന്ദേശം വ്യാജമാണെന്ന് അറിയിക്കുകയും സൈബർ സെല്ലിൽ പരാതി നൽകുകയുമായിരുന്നു.
തുക ഗൂഗിൾ പേ ചെയ്യുന്നതിനായി 630628096 എന്ന ഫോൺ നമ്പർ നൽകിയാണ് തട്ടിപ്പുകാ‌ർ സന്ദേശം അയയ്ക്കുന്നത്. വ്യാപാരിയുടെ 50ലേറെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾ പലരെയും കബളിപ്പിച്ച് വൻതുക തട്ടിയെടുക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നി‌ർദ്ദേശം നൽകി.