വെഞ്ഞാറമൂട്: കാട്ടുപന്നി കൂട്ടം ഓടിക്കൊണ്ടിരുന്ന കാർ കുത്തി മറിച്ചു. വ്യാഴാഴ്ച രാത്രി കൂനൻ വേങ്ങയിൽ നിന്നും പുല്ലമ്പാറയിലേക്ക് വരികയായിരുന്ന കാറാണ് മൂന്നുതോട് സമീപം വച്ച് പന്നിക്കൂട്ടങ്ങൾ ആക്രമിച്ചത്. കൂട്ടത്തോടെ വന്ന പന്നികൾ കാറിടിച്ചു മറിക്കുകയായിരുന്നു. കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു.
തേമ്പാമൂട് സ്വദേശിയായ അലിഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ടൊയോട്ട കാർ. ഈ പ്രദേശങ്ങളിൽ പന്നി ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിലും പകലും ഇരുചക്രവാഹന യാത്രക്കാർക്ക് നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. പല്ലമ്പാറ പഞ്ചായത്ത് പന്നി ശല്യത്തിന് ജാഗ്രത സമിതി രൂപീകരിക്കുകയും വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്നാലും പന്നി ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.