മലയിൻകീഴ്: മൂക്കുന്നിമലയിൽ സ്വകാര്യവ്യക്തി നൽകിയ സ്ഥലത്ത് താത്കാലിക പൊതുശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മലയം സാം ടി. കോട്ടേജിൽ ടി. ബിനുതോമസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് താത്ക്കാലിക ശ്മശാനത്തിന് രേഖമൂലം വിട്ടുനൽകിയത്. ഇവിടെ താത്ക്കാലിക ശ്മശാനം നിർമ്മിക്കുന്നതിനുള്ള അനുമതി ജില്ലാ കളക്ടർ നൽകിയിരുന്നു. കൊവിഡ് മരണങ്ങൾ ഉയർന്നതോടെ വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ക്രിമിറ്റോറിയം, ടോയ്‌ലെറ്റ് ഉൾപ്പടെയുള്ളവ സൗജന്യമായി നിർമ്മിച്ച് നൽകുന്നത് മുൻ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അംഗം മുരളിയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ശ്മശാനം പ്രവർത്തനമാരംഭിക്കുമെന്ന് വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായിട്ടാണ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. പലവിധത്തിലുള്ള എതിർപ്പുകൾ തരണം ചെയ്താണ് ശ്മശാനം യാഥാർത്ഥ്യമാകുന്നതെന്നും പള്ളിച്ചൽ പഞ്ചായത്തിനും ഈ ശ്മശാനത്തിന്റെ പ്രയോജനമുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.