നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ മത്സ്യ വില്പനയ്ക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. നഗരത്തിന്റെ പല ഭാഗങ്ങളിലും ബൈക്കുകൾ, പിക്കപ്പ് വാൻ, ഓട്ടോറിക്ഷ എന്നിവയിലാണ് ഇത്തരത്തിലുള്ള മത്സ്യവില്പന വ്യാപകമായിട്ടുളളതായി പരാതിയുളളത്. ഫോർമാലിൻ പോലുള്ള രാസപഥാർത്ഥങ്ങൾ പുരട്ടി വില്പന നടത്തുന്ന മത്സ്യങ്ങൾ മാസങ്ങളോളം കേടാകാതെയിരിക്കുകയും ഇത് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ വാർഡുകളിൽ വില്പനയ്ക്കായി കൊണ്ടുപോയ മത്സ്യങ്ങളുടെ പത്തിലധികം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മത്സ്യ ചന്തകളിലും പരിശോധന കശനമാക്കി. ഇത്തരം മത്സ്യവില്പനയ്ക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്‌ളിൻ അറിയിച്ചു. നെയ്യാറ്റിൻകര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അനുജ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അശ്വതി, സരിഗ, സിന്ധു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.