തിരുവനന്തപുരം: കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണ പദ്ധതി പരിസ്ഥിതി ദിനമായ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ രാജ് ഭവനിൽ രാവിലെ 11ന് വൃക്ഷത്തൈ നട്ട് ഗവർണർ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.വി. ഗോവിന്ദനും പങ്കെടുക്കും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷമാണ് ഒരു കോടി ഫല വൃക്ഷത്തൈകളുടെ വിതരണവും പരിപാലനവും എന്ന പദ്ധതി ആരംഭിച്ചത്. തുടർച്ചയായ 10 വർഷങ്ങളിൽ ഒരു കോടി ഫലവൃക്ഷതൈകൾ വീതം സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞവർഷം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടി 36 ലക്ഷം ഫലവൃക്ഷതൈകൾ ആണ് വിതരണം ചെയ്തത്. മെച്ചപ്പെട്ട ഇനം ഗ്രാഫ്റ്റുകൾ, ലെയറുകൾ ബഡ് തൈകൾ, ടിഷ്യുകൾച്ചർ തൈകൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. പ്ലാവ്, മാവ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, പപ്പായ, സപ്പോർട്ട, പാഷൻഫ്രൂട്ട്, ടിഷ്യുകൾച്ചർ വാഴ തൈകൾ, മാതളം, ചാമ്പ, നെല്ലി തുടങ്ങി ഇരുപതിലധികം വർഗത്തിൽപ്പെട്ട ഫലവൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യുന്നത്.