വർക്കല: ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണായ ഇടവ ഗ്രാമപഞ്ചായത്തിലെ ഓടയത്തെ സ്വകാര്യ റിസോർട്ടിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് നടത്തിവന്ന സീരിയൽ ഷൂട്ടിംഗ് അയിരൂർ പൊലീസെത്തി നിറുത്തിവയ്‌പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരങ്ങളും ടെക്‌നീഷ്യന്മാരും ഉൾപ്പെടെ 20ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാവിലെയോടെ വർക്കല ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അയിരൂർ സി.ഐ ഗോപകുമാർ, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോർട്ടിലെത്തി പരിശോധന നടത്തിയത്. ഷൂട്ടിംഗ് സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. കാമറ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രമുഖ ചാനലിന്റെ സീരിയൽ ചിത്രീകരണമാണ് കഴിഞ്ഞ രണ്ട് ദിവസമായി ഓടയത്ത് നടന്നുവന്നത്. നിയമം ലംഘിച്ചതിന്റെ പേരിൽ റിസോർട്ട് ഉടമയ്ക്കെതിരെയും കേസെടുക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.

മതിയായ ലൈസൻസ് ഇല്ലാതെയാണ് റിസോർട്ട് ഇവിടെ പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച റിസോർട്ടിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ട്. റിസോർട്ട് പൊലീസ് സീൽ ചെയ്‌തു. പിടികൂടിയവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.