student

കിളിമാനൂർ: ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച മുദ്രാവാക്യം ഉൾക്കൊണ്ട് കിളിമാനൂർ ഗവ: എൽ.പി.എസ് ഡോക്യുമെന്ററി തയ്യാറാക്കാൻ തിരഞ്ഞെടുത്തത് ജൈവ വൈവിധ്യത്തിന്റെ ചെറുമാതൃക കൂടിയായ ചെവളമഠം നാഗരു കാവാണ്. വിവിധ തരത്തിലുള്ള വൃക്ഷങ്ങളും, സസ്യങ്ങളും ,കുറ്റിച്ചെടികളും,ഔഷധ സസ്യങ്ങളുടെ കലവറകൂടിയാണിവിടം.

ഇവയെ സംരക്ഷിക്കുന്നതിലൂടെ സുഖ ശീതളമായ അന്തരീക്ഷവും ഉറവവറ്റാത്ത ജലാശയങ്ങളുമാണ് പ്രകൃതി ഈ നാടിനു സമ്മാനിച്ചിരിക്കുന്നത്. കാവുകൾക്ക് ചുറ്റുമുള്ള ജലാശയങ്ങൾ ഏതു കൊടും വേനലിനേയും അതിജീവിക്കുന്നുവെന്നും കുട്ടികൾ നടത്തിയ പ്രകൃതി പഠനത്തിൽ പറയുന്നു. നിത്യഹരിത വനങ്ങളിലെ വൻ മരങ്ങൾ മുതൽ ചെറുമരങ്ങൾ വരെ ഇവിടെ കാണാൻ കഴിയുമെന്നും ചിത്രശലഭങ്ങൾ,പക്ഷികൾ തുടങ്ങി അനേകം സൂഷ്മജീവികളുടെ ആവാസവ്യവസ്ഥ കൂടിയാണ് ഇവിടം.

ജൈവവൈവിധ്യ സംസ്‌കൃതിയെ ഹൃദയത്തിൽ ഒളിപ്പിച്ച ചെവളമഠം കാവിന്റെ വിശേഷങ്ങളാണ് പരിസ്ഥിതിദിനത്തിൽ ഡോക്യൂമെന്റേഷനിലൂടെ കുരുന്നുകൾ പങ്കുവയ്ക്കുന്നത്.

നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്ന 'പരിസ്ഥിതി പുനസ്ഥാപനം' എന്ന ആശയം വർഷങ്ങൾക്ക് മുന്നേ പ്രാവർത്തികമാക്കിയ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ചെവളമഠം ഗ്രാമത്തെയാണ് കുരുന്നുകൾ ഡിജിറ്റൽ ഡോക്യൂമെന്റിലൂടെ പരിസ്ഥിതി ദിനത്തിൽ സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. കാവിന്റെ സംരക്ഷണ ചുമതലയുള്ള ഷൈലേജ് കുമാർ, ബിജു, ഹേമലത, ബിനു, രാജീവ് തുങ്ങിവരാണ് വിവരശേഖരണത്തിനായി കുട്ടികളെ സഹായിച്ചത്. ഹരിതസേന അംഗങ്ങളായ നൈഹ സുനിൽ, അസിൻ തുടങ്ങിയ കുരുന്നുകളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.