തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 2021-22 മുതലുള്ള അഞ്ച് വർഷക്കാലയളവിൽ ഹെൽത്ത് ഗ്രാന്റായി ഇന്ത്യയൊട്ടാകെ 70,051 കോടി രൂപയാണ് കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷക്കാലയളവിൽ കേരളത്തിനുള്ള വിഹിതം 2968 കോടി രൂപയാണ്. അതിൽ നടപ്പു സാമ്പത്തിക വർഷം 559 കോടി രൂപ ലഭിക്കും. ഇത് തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കും.
ഈ തുക കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് വിനിയോഗിക്കും. ഹെൽത്ത് ഗ്രാന്റിനോടൊപ്പം സംസ്ഥാന സർക്കാർ വിഹിതവും പ്രാദേശിക സർക്കാർ വിഹിതവും ചേർത്ത് ആരോഗ്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.