കല്ലമ്പലം: കല്ലമ്പലം ലഹരി മാഫിയകളുടെ പിടിയിൽ അമർന്നതോടെ ആശങ്ക വിട്ടൊഴിയാതെ കുടുംബങ്ങൾ. ലോക്ക് ഡൗൺ നിലവിൽ വന്നിട്ട് ഒരു മാസമാകുമ്പോഴേക്കും ലക്ഷങ്ങൾ കൊയ്തത് ലഹരി മാഫിയാസംഘങ്ങളാണ്. ആദ്യം അന്യ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളിലും മറ്റും കേരളത്തിലേക്ക് ഒളിച്ചു കടത്തിയ മദ്യവും ബിവറേജ് ഗോഡൗണിൽ നിന്ന് കവർന്നെടുത്ത മദ്യവും, ബാറുകളിൽ നിന്ന് അനധികൃതമായി ലഭിച്ച മദ്യവും ഇടനിലക്കാർ വഴി കുപ്പിക്കൊന്നിന് 3000 മുതൽ 3500 രൂപ വരെ വിലയ്ക്ക് വിൽക്കുകയും ഇതിന് ദൗർലഭ്യം നേരിട്ടതോടെ വാറ്റു ചാരായം ലിറ്ററിന് 2000 മുതൽ 2500 രൂപവരെ ഈടാക്കി വിൽക്കുകയും ചെയ്തതോടെ മാഫിയാ സംഘങ്ങൾ തഴച്ചുകൊഴുത്തു.

കല്ലമ്പലം മേഖലയിൽ വാറ്റുചാരായം സുലഭമാണ്.

കെണിയിൽ പെട്ടത് സാധാരണക്കാർ

ലോക്ക് ഡൗൺ കാലത്ത് വേലയും കൂലിയുമില്ലാത്ത സാധാരണക്കാരാണ് മദ്യ മാഫിയകളുടെ കെണിയിൽ പെട്ടത്. കുടുംബനാഥന്മാർ കൂടിയ വിലയ്ക്ക് വ്യാജ മദ്യം വാങ്ങി കുടി തുടങ്ങിയതോടെ കുടുംബം അർദ്ധ പട്ടിണിയിലായി. താലിമാല വിറ്റും കടം വാങ്ങിയും 2000, 3000 രൂപയ്ക്ക് ഭർത്താക്കൻമാർ അനധികൃത മദ്യം വാങ്ങി കുടി തുടങ്ങിയതോടെയാണ് പല കുടുംബങ്ങളും കടക്കെണി യിലായത്.

ഇരകളാകുന്നത് പാവങ്ങൾ

മ ദ്യ മാഫിയകളുടെ ചൂഷണത്തിൽ നിരവധിപേരാണ് ഇതിനോടകം ഇരയായത്. അനധികൃത മദ്യം വില്പന നടത്തുന്ന നിരവധി പേരെ കല്ലമ്പലം മേഖയിൽ നിന്ന് പൊലീസും എക്സൈസും പിടികൂടിയെങ്കിലും കൂൺ മുളയ്ക്കുന്നതുപോലെ ഓരോ ദിവസം ചെല്ലുംതോറും വില്പനക്കാർ കൂടിവരികയാണ്.

കൊവിഡ് വരില്ലത്രെ

സ്ഥിരമായി മദ്യപിച്ചാൽ കൊവിഡ് പിടികൂടില്ലായെന്നും വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. അതാണ്‌ അനധികൃത മദ്യവില്പന തഴച്ചുവളരാൻ കാരണം.

 ബിവറേജസുകൾ തുറക്കണം

കൂടുതൽ കുടുംബങ്ങൾ ഭീമമായ കടക്കെണിയിലും മാറാരോഗങ്ങളിലും മദ്യ ദുരന്തങ്ങളിലും പെടുന്നതിന് മുൻപ് ബിവറേജസുകൾ പഴയതു പോലെ തുറന്നുപ്രവർത്തിക്കണമെന്നാവശ്യം സാധാരണക്കാർക്കിടയിൽ ശക്തമായിരിക്കുകയാണ്.