വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ കൂതാളി വാർഡിലെ 600 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യകിറ്റ് എത്തിച്ച് നൽകി വാർഡ് മെമ്പർ. നാലുകിലോ അരിയും പച്ചക്കറിയും അടങ്ങുന്ന കിറ്റുകളാണ് വാർഡിലെ മുഴുവൻ കുടുംബങ്ങളിലും മെമ്പർ വെള്ളരിക്കുന്ന് ഷാജിയുടെ നേതൃത്വത്തിൽ എത്തിച്ചുകൊടുത്തത്. കൊവിഡ് കാലത്ത് വാർഡിലെ മുഴുവൻ ജനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കാതെ കഴിയണമെന്നുള്ള ലക്ഷ്യത്തോടെയാണ് കിറ്റു നൽകാൻ തീരുമാനിച്ചതെന്ന് മെമ്പർ പറഞ്ഞു. കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അൻസജിത റസൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ, സന്തോഷ്, പി.ബിജു, സി. റിജിത, പി.എസ്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.