തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കടകളിലെത്തി റേഷൻ വാങ്ങാൻ കഴിയാത്ത അവശരായ കാർഡ് ഉടമകൾക്ക് നേരിട്ടുപോകാതെ ഇ മെയിൽ മുഖേനയോ ഫോൺ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസുകളിൽ ബന്ധപ്പെട്ട് പ്രോക്‌സി സംവിധാനം ഉപയോഗിക്കുന്നതിനുള്ള ആവശ്യകത അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി അറിയിച്ചു.

നേരിട്ടെത്താൻ കഴിയാത്ത വ്യക്തികൾക്ക് ആ റേഷൻ കടയിൽത്തന്നെ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള, റേഷൻ വ്യാപാരിയുമായി ബന്ധമില്ലാത്ത ഒരാളെ പകരക്കാരനായി നിയോഗിക്കുന്നതാണ് പ്രോക്‌സി സംവിധാനം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകൾ വഴി നൽകിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്ത കുടുംബങ്ങൾ അവരവർ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ രേഖാമൂലം അപേക്ഷ സമർപ്പിക്കണം. സ്ഥിരമായോ താത്കാലികമായോ ഏതാനും മാസത്തേക്കോ ഇപ്രകാരം ഭക്ഷ്യക്കിറ്റ് വേണ്ടെന്നുവയ്ക്കാം. ഇത്തരം അപേക്ഷകൾ 30ന് മുമ്പ് സമർപ്പിക്കണം.