തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം വിതച്ച ഭീഷണി സംസ്ഥാനത്ത് മെല്ലെ ഒഴിയുന്നു. രോഗവ്യാപനത്തിൽ കുറവുണ്ടായതോടെ പ്രതിദിന രോഗികളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. അതോടൊപ്പം മരണസംഖ്യയും താഴേക്കിറങ്ങുന്നത് ആശ്വാസകരമാണ്. ഇന്നലെ 16,229 പേരാണ് രോഗബാധിതരായത്. 14.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതോടൊപ്പം135 മരണങ്ങളും റിപ്പോർട്ടു ചെയ്തു. ആകെ മരണം 9510 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 15,160 പേർ സമ്പർക്കരോഗികളാണ്. 913 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 89 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 67ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം, ചികിത്സയിലായിരുന്ന 25,860 പേർ രോഗമുക്തി നേടി.
രണ്ടായിരം കടന്ന് രണ്ടിടങ്ങൾ
രോഗവ്യാപന ശമനമില്ലാത്തത് മലപ്പുറത്തും തിരുവനന്തപുരത്തുമാണ്. രോഗികളുടെ എണ്ണം രണ്ടായിരത്തിലധികം. മലപ്പുറം 2300, തിരുവനന്തപുരം 200, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂർ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസർകോട് 392, വയനാട് 272 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.
ആകെ രോഗികൾ 26,01,082
ചികിത്സയിലുള്ളവർ 1,74,526
രോഗമുക്തർ 24,16,639
നിരീക്ഷണത്തിലുള്ളവർ 6,93,284
ഹോട്ട് സ്‌പോട്ടുകൾ 872