തിരുവനന്തപുരം: ' കരുതൽ ' ജനകീയ ശുചീകരണ പരിപാടിയുടെ ഭാഗമായി കൊതുകുകളുടെ ഉറവിട നശീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കാൻ നാളെ '' പങ്കാളിയാകാം കൊതുക് ജന്യ രോഗങ്ങൾക്കെതിരെ'' എന്ന മുദ്രാവാക്യമുയർത്തി ഡ്രൈഡേ ചലഞ്ചുമായി നഗരസഭ. ഏറ്റവും കൂടുതൽ വീടുകളിൽ ഡ്രൈഡേ പ്രവർത്തനങ്ങൾ നടത്തുന്ന വാർഡുകൾക്ക് ശുചിത്വ സമ്മാനം നൽകും. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. സമ്മാനാർഹരെ കണ്ടെത്തുന്നതിന് ഡ്രൈഡേ നടത്തിയതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിൽ http://smarttvm.tmc.lsgkerala.gov.in/wardprogram എന്ന ലിങ്ക് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യണം.
'' കരുതൽ'' ജനകീയ ശുചീകരണ പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ഇന്ന് നന്തൻകോട് വാർഡിലെ കനകനഗറിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എന്നിവരും ശുചീകരണ പരിപാടികൾക്ക് തുടക്കം കുറിക്കും.